ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രേവേശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ മാസം അവസാനം മുതല്‍ അവധി എടുക്കാനാണ് തീരുമാനം. കൈക്ക് ചില പ്രശനങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സ വേണ്ടി വന്നേക്കാം എന്നതിനാലാണ് അവധി എടുക്കുന്നതെന്നാണ് വിശദീകരണം. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പോകുന്നത്.

അവധി എടുക്കുന്ന കാര്യം മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. എന്‍.സി.പി നേതൃത്വവുമായും തോമസ് ചാണ്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചികില്‍സയ്ക്കായി ഇസ്രായേലിലേക്ക് പോകാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം. നേരത്തെയും ഇസ്രായേലിലാണ് ചികില്‍സയ്ക്കായി പോയതെന്നും, അതിനാല്‍ ഇസ്രയേല്‍ യാത്രയില്‍ അസ്വാഭാവികതയില്ലെന്നും തോമസ് ചാണ്ടി അറിയിച്ചു.

മന്ത്രിയുടെ അവധി അനുവദിക്കുന്ന കാര്യത്തിലും, പകരം തോമസ് ചാണ്ടി കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിന്റെ ചുമതല ആര്‍ക്ക് കൈമാറണമെന്ന കാര്യവും നാളെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഇന്ന് ദീപാവലി ആയതിനാലാണ് മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് തിരിച്ചെത്തുമെന്നും തോമസ് ചാണ്ടി അറിയിച്ചിട്ടുണ്ട്.