അറസ്റ്റൊഴിവാക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റൊഴിവാക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് പോലീസ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ പനി മൂലം താന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇതിനുവേണ്ട രേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ഈ സമയത്ത് ദിലീപ് ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ദിലീപ് ആവശ്യപ്പെട്ട പ്രകാരം താന്‍ വ്യാജരേഖകള്‍ നല്‍കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ആലുവ പൊലീസ് ക്ലബില്‍ വച്ച് നടക്കും. അന്വേഷണ ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുകേശനും എ.ഡി.ജി.പി ബി സന്ധ്യ ഉള്‍പ്പടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കും.