ആശുപത്രിയില്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കി എന്ന പോലീസ് ഭാഷ്യം തെറ്റ് ; സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്കട്ര്‍

ആലുവ : നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികില്‍സിച്ച ആലുവ അന്‍വര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരാലി. നടിയെ ആക്രമിച്ച ദിവസം ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി എന്നതിന് എതിരായാണ് ഇവരുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ദിലീപ് വ്യാജമായി ചികിത്സാ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതായി പൊലീസ് അറിയിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരേ കേസിലെ കുരുക്ക് മുറുകുമെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഡോക്ടര്‍. ഈ വര്‍ഷം ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രയില്‍ ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയില്‍ വന്ന് ഇന്‍ജെക്ഷന്‍ എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം വൈകീട്ട് തിരിച്ച് വീട്ടില്‍ പോകുകയുമായിരുന്നു പതിവ്. രാത്രിയില്‍ ആശുപത്രിയില്‍ തങ്ങിയിരുന്നില്ല. രാത്രിയിലെ ഇന്‍ജക്ഷന്‍ നല്‍കാന്‍ ആശുപത്രിയില്‍ നിന്ന് നേഴ്‌സിനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

എന്നാല്‍ അസുഖമാണ് എന്ന് കാണിച്ച് ദിലീപ് വ്യാജരേഖ ഉണ്ടാക്കി എന്നാണു പോലീസ് കണ്ടെത്തല്‍. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. രാമലീലയുടെ ലൊക്കേഷനില്‍ ആയിരിക്കെ, വൈറല്‍ പനി ബാധിച്ച് അവശനായിരുന്നുവെന്നുവെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ദിലീപിന് പനിയാണെന്ന് പറയുന്ന രാത്രി വൈകിയും ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് പറയുന്ന ദിവസം ദിലീപ് അവിടെ ഉണ്ടായിരുന്നില്ല എന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വൈറല്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അപ്പോള്‍ തന്നെ പലരെയും വിളിച്ചിരുന്നു. രമ്യ നമ്പീശനെയും നടിയുടെ അമ്മയേയും വിളിച്ചുവെന്നും ദിലീപ് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും കൂടെയുണ്ട്. ധൈര്യമായിരിക്കണമെന്നു പറഞ്ഞ് നടിയുടെ അമ്മയെ ആശ്വസിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഭവം തന്റെ നേരെയാണ് തിരിയുന്നതെന്ന് ബോധ്യമായതെന്നും പറയപ്പെടുന്നു.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ് ഡോക്ടര്‍ ഹൈദരാലി പറയുന്നത് . ദിലീപ് വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. പോലീസിന് താന്‍ മൊഴി കൊടുതത്താണ്. അപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്തതിനാല്‍ ഒപി ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പേ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്. ദിലീപിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തന്നെ പലതവണ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ദിലീപ് മിക്കപ്പോഴും ചികിത്സ തേടി അന്‍വര്‍ ആശുപത്രിയില്‍ എത്തിയിട്ടുള്ളതാണ്. ഫെബ്രുവരി 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ദിലീപ് എത്തിയിരുന്നുവെന്നതിന് ആശുപത്രി ജീവനക്കാരും രോഗികളും സാക്ഷികളാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.