സ്വകാര്യ വിമാന യാത്രകള്‍ നടത്തിയത് ആരുടെ ചെലവില്‍; മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ വിമാനയാത്രക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രകള്‍ നടത്തുന്നതിന് പ്രധാനമന്ത്രിക്ക് ആരാണ് പണം നല്‍കിയതെന്ന ചോദ്യവുമായാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.
2002 മുതല്‍ 2007 വരെ ഏതാണ്ട് 100 ഓളം സൗജന്യ വിമാന യാത്രകളാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. 16.56 കോടിയാണ് ഇതിനായി ചിലവാക്കിയിരിക്കുന്നത്. ഇതില്‍ മൂന്നു കോടി രൂപ വിദേശയാത്രക്കായാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗുജറാത്ത് സര്‍ക്കാരോ ബി.ജെ.പിയോ ഇതിനായി പണം ചിലവിട്ടിട്ടില്ല. വിവരാവകാശ രേഖപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്നത്.
സൗജന്യയാത്ര ഒരുക്കി നല്‍കിയവര്‍ക്ക് മോദിയില്‍ നിന്ന് പ്രതിഫലം ലഭിച്ചിരിക്കണമെന്നും സിങ്വി പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ സൗജന്യ യാത്രകള്‍ നടത്തിയ മോദി പൊതുസമൂഹത്തിനു വിശദീകരണം നല്കാന് ബാധ്യസ്ഥനാണ്. 500 രൂപയില്‍ കൂടുതല്‍ വിലയുള്ള സമ്മാനം വാങ്ങിയാല്‍ അക്കാര്യം മുഖ്യമന്ത്രിമാര്‍ വെളിപ്പെടുത്തണമെന്നും സിങ്വി പറഞ്ഞു.
സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രക്ക് വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരിയുമായി അടുപ്പമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഡല്‍ഹിയിലെ ട്രാവല്‍ ഏജന്റ് വാധ്രയ്ക്കായി 2012ല്‍ രണ്ട് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തപ്പോള്‍ പണമടച്ചത് സഞ്ജയ് ഭണ്ഡാരി ആണെന്ന വിവരം ദേശീയ മാധ്യമമാണ് വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധമാണ് ബി.ജെ.പി ഉന്നയിച്ചത്. ഇതിന് പ്രത്യാക്രമണമായാണ് പ്രധാനമന്ത്രിയുടെ വിമാനയാത്രകളെക്കുറിച്ച് കോണ്‍ഗ്രസ് ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.