തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം 7 മരണം; മക്കള്‍ക്ക് ഭക്ഷണമൊരുക്കി കാത്തിരുന്ന മാതാവ് കേട്ടത് മക്കളുടെ മരണവാര്‍ത്ത

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് മലയാളികളടക്കം ഏഴു പേര്‍ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ കടലൂരിനു സമീപം തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ രാമനാഥത്താണ് അപകടമുണ്ടായത്. പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), പ്രദീപ് (33), പ്രകാശിന്റെ ഭാര്യ പ്രിയ (34), പന്തളം മങ്ങാരം ഇടത്തറയില്‍ തങ്കച്ചന്റെ മകന്‍ ജോഷി (29), തമിഴ്‌നാട് സ്വദേശികളായ മിഥുന്‍, ശരവണന്‍ (കുട്ടി), ഡ്രൈവര്‍ ശിവ എന്നിവരാണു മരിച്ചത്. പ്രിയയുടെ സഹോദരി പ്രിന്‍സി പരുക്കുകളോടെ ആശുപത്രിയിലാണ്.

ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരികയായിരുന്നു ഇവര്‍.. പ്രകാശ് ചെന്നൈ ബില്‍റൂത്ത് ആശുപത്രിയില്‍ റേഡിയോളജിസ്റ്റും മല്ലപ്പള്ളി മാരിക്കല്‍ കുടുംബാംഗമായ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയില്‍ നഴ്‌സുമാണ്. പ്രദീപ് സ്വകാര്യ പ്രസിലെ ജോലിക്കു പുറമേ റസ്റ്റോറന്റും നടത്തുന്നുണ്ട്. അമിഞ്ചിക്കര ഫോര്‍ത്ത് സ്ട്രീറ്റ് പി.പി. ഗാര്‍ഡനിലായിരുന്നു ഇവരുടെ താമസം. മലേഷ്യയിലായിരുന്ന ജോഷി ചെന്നൈയിലെത്തി ഇവര്‍ക്കൊപ്പം യാത്രയില്‍ ചേരുകയായിരുന്നു.

രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ മക്കള്‍ക്കുള്ള ഭക്ഷണം പാകം ചെയ്ത് കാത്തിരിക്കുകയായിരുന്നു ഏലിയാമ്മ. എന്നാല്‍ രാവിലെ എത്തിയത് മക്കളുടെ മരണവാര്‍ത്തയായിരുന്നു. രണ്ടു മക്കളുടെയും ഭാര്യയുടെയും വേര്‍പാട് മാതാവിനെ തീരാദു:ഖത്തിലാഴ്ത്തി.