ഒളിമ്പിക് ചാമ്പ്യനെ പറപ്പിച്ച് സൈനയുടെ മുന്നേറ്റം; നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍വി വഴങ്ങിയപ്പോള്‍ വന്‍മുന്നേറ്റവുമായി പുരുഷന്മാര്‍

ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. വനിതാ സിംഗിള്‍സില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ കരോലിന മാരിനെ അട്ടിമറിച്ച് സൈന നേവാള്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ പി.വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി.

രണ്ടു തവണ ലോകചാമ്പ്യനായ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍: 22-20, 21-18. പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താറുള്ള മാരിനെ ശക്തമായി പ്രതിരോധിച്ചാണ് സൈന വിജയം നേടിയത്. പഴുതുകള്‍ ഒന്നും അനുവാദിക്കാതിരുന്ന സൈന എതിരാളിയുടെ പഴുതുകള്‍ ശരിക്കും മനസിലാക്കി പ്രഹരിച്ചപ്പോള്‍ മാരിന്‍ ശരിക്കും വിയര്‍ത്തു.

ചൈനയുടെ പത്താം റാങ്ക് താരം ചെന്‍ യുഫേയിയോടാണ് സിന്ധു പരാജയപ്പെട്ടത്. 43 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 1721, 2123.  സീസണില്‍ ഇത് രണ്ടാം തവണയാണ് സിന്ധു നേരത്തെ തോറ്റ് പുറത്താവുന്നത്.കൊറിയ ഓപ്പണ്‍ നേടിയ സിന്ധു പിന്നീട് ജപ്പാന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.

അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് കടന്നു. സുബാഷ് ശങ്കര്‍ ദേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ 21-17, 21-15. ഡെന്‍മാര്‍ക്കിന്റെ എമില്‍ ഹോള്‍സ്റ്റിനെ തോല്‍പിച്ചാണ് എച്ച്.എസ് പ്രണോയിയുടെ മുന്നേറ്റം. സ്‌കോര്‍: 21-18, 21-19.