ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി ഡിവില്ലിയേഴ്‌സ്; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

പാള്‍ (ദക്ഷിണാഫ്രിക്ക): നാലുമാസത്തെ ഇടവേളക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡി വില്ലിയേഴ്‌സ് വീണ്ടും കളിക്കാനിറങ്ങുന്നത്. പിച്ചാകട്ടെ  ബൗളര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന താരത്തിലുമായിരുന്നു. പക്ഷേ, ഡിവില്ലിയേഴ്‌സ് ക്രീസിലെത്തിയതോടെ പിച്ചിന്റെയും കളിയുടെയും സ്വഭാവം മാറി. 104 പന്തില്‍ 176 റണ്‍സുമായി ഡിവില്ലിയേഴ്‌സ് വിശ്വരൂപം പുറത്തെടുത്തതോടെ രണ്ടാം ഏകദിനത്തി!ല്‍ ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു 104 റണ്‍സിന്റെ ജയം.

ആദ്യം ബാറ്റ്‌ചെയ്ത ദക്ഷിണാഫ്രിക്ക ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തു. ബംഗ്ലദേശിന്റെ മറുപടി 249 റണ്‍സില്‍ അവസാനിച്ചു. മൂന്നു മല്‍സരങ്ങളുള്ള പരമ്പര ഇതോടെ ദക്ഷിണാഫ്രിക്ക 2–0ന് സ്വന്തമാക്കി. ബംഗ്‌ളദേശ് ബൗളര്‍മാരെ പൊതിരെ ശിക്ഷിച്ച ഡിവില്ലിയേഴ്‌സ് തന്റെ ഇരുപത്തഞ്ചാം ഏകദിന സെഞ്ചുറി ബൗണ്ടറികള്‍കൊണ്ട് ആഘോഷമാക്കുകയായിരുന്നു. 15 ഫോറുകളും ഏഴു സിക്‌സറുകളുമടങ്ങിയതായിരുന്നു ഇന്നിങ്‌സ്.