പ്രണയ വിവാഹങ്ങളെ ലൗവ് ജിഹാദാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; സംസ്ഥാനത്തെ മതം മാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രണയ വിവാഹങ്ങളെ ലൗജിഹാദ് ആയി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ഹൈക്കോടതി. കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് അഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.സംസ്ഥാനത്തേ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിട്ടു. ശ്രുതിഅനീസ് വിവാഹം സാധുവായി കണ്ടെത്തിയ കോടതി ശ്രുതിയെ അനീസിനൊപ്പം പോകാന്‍ അനുവദിച്ചു.

പ്രണയവിവാഹങ്ങളെ ജാതിയും മതവും കണക്കിലെടുത്ത് ലൗജിഹാദും ഘര്‍വാപ്പസിയും ആക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. വിശുദ്ധമായ പ്രണയങ്ങളെപ്പോലും ആ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇപ്പോഴുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ല. അങ്ങനയുള്ള വിവാഹങ്ങളെ ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ കാണുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.മതംമാറ്റ കേന്ദ്രങ്ങളും മതം മാറിയവരെ തിരിച്ച് മതംമാറ്റുന്നതിനുള്ള കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തി കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.