മിത്രാനികേതന്‍ സ്‌കൂളിന് സ്വന്തമായി വായനശാല: കലാവേദിയുടെ ഉപഹാരം

പി.പി.ചെറിയാന്‍

പദ്മശ്രീ കെ വിശ്വനാഥന്‍ 1956 ല്‍ തിരുവനന്തപുരത്തെ അരുവിക്കരയില്‍ സ്ഥാപിച്ച മിത്രാനികേതന്‍ സ്‌കൂളിന് വായനശാല നിര്‍മ്മിച്ച് നല്‍കി കലാവേദി പ്രവര്‍ത്തകര്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കുന്നു. 215 ഓളം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അരുവിക്കരയിലെ വിശാലമായ 65 ഏക്കറില്‍ പടര്‍ന്നുകിടക്കുന്ന കാമ്പസിലാണ് വായനശാല നിര്‍മ്മിക്കുന്നത്. നിലവിലുള്ള ഒരു പഴയ ഹോസ്റ്റല്‍ കെട്ടിടമാണ് ആധുനിക കമ്പ്യൂട്ടര്‍ സംവിധാനങ്ങളുള്ള വായനശാലയായി പരിണമിക്കുന്നത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരേ സമയം കുറഞ്ഞത് 50 കുട്ടികള്‍ക്ക് വായനശാലയുടെ പ്രയോജനം ഉപകാരപ്പെടുത്താവുന്നതാണ്. ഏറ്റവും ആധുനികസൗകര്യങ്ങളോടെ ക്രമീകരിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ വഴി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ / ഡൗണ്‍ലോഡിങ്ങ് സൗകര്യങ്ങള്‍ ഉണ്ടാവുന്നതാണ്. ഏതാണ്ട് പത്തുലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

1956 ലാണ് വിശ്വനാഥന്‍ മിത്രനികേതന്‍ സ്ഥാപിച്ചത്. മലബാര്‍ പ്രദേശത്തുള്ള ഗോത്രവിഭാഗത്തില്‍പെട്ട കുട്ടികളെ കൊണ്ടുവന്ന് താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കിയാണ് തുടക്കം. ആദ്യകാലത്ത് വളരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും വിശ്വനാഥന്റെ ഇച്ഛാശക്തിക്ക് മുന്‍പില്‍ എതിര്‍പ്പുകള്‍ മുട്ട് മടക്കി.

മഹാത്മാഗാന്ധിയുടെയും, ടാഗോറിന്റെയും ദര്‍ശനങ്ങള്‍ വിശ്വനാഥന് ഊര്‍ജ്ജവും കരുത്തും നല്‍കി. ശാന്തിനികേതന്‍ മാതൃകയിലാണ് മിത്രനികേതന്‍ കാമ്പസിന്റെ ഘടന. ഇവിടെ പഠിക്കുന്ന കുട്ടികളില്‍ തൊണ്ണൂറു ശതമാനവും ഇവിടെത്തന്നെ താമസിച്ചു പഠിക്കാന്‍ മതിയായ ഹോസ്റ്റല്‍ സകാര്യമുണ്ട്. 60 വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ടുവളര്‍ത്തിയ മരങ്ങള്‍ മരക്കൂട്ടങ്ങളായി ആകാശത്തോളം വളര്‍ന്നുയര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എങ്ങും പ്രശാന്തത നിറയുന്ന കാമ്പസില്‍ കുട്ടികളുടെ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്നു. ലാറിബേക്കര്‍ രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മിതി. തുറന്ന ക്ലാസ് മുറികളാണ്.

സ്വകാര്യസ്ഥാപനമായതിനാല്‍ സര്‍ക്കാര്‍ വക സൗജന്യങ്ങളോ സാമ്പത്തിക സഹായങ്ങളോ ഇല്ല. എന്നാല്‍, പുറം രാജ്യങ്ങളിലുള്ള ചില സ്ഥാപനങ്ങളും വ്യക്തികളും നല്കുന്ന സഹായങ്ങള്‍ കൊണ്ടാണ് മിത്രാനികേതന്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച് പദ്ധതികളും ഉള്ളതിനാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങളിലെ സ്‌കൂള്‍ / കോളേജ് കുട്ടികള്‍ അവധിക്കാലത്ത് ഇവിടെ വന്നു താമസിച്ച് കുട്ടികള്‍ക്ക് തൊഴില്‍ പരിശീനലനം നല്‍കി വരുന്നു. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായുള്ള ഇത്തരം പദ്ധതികള്‍ ഇരു കൂട്ടരുടെയും മാനസികവും വ്യക്തിത്വപരവുമായ വികാസത്തിന് വഴിയൊരുക്കുന്നു. മറ്റു സ്‌കൂള്‍ സിലബസുകളില്‍ നിന്നും വേറിട്ട പഠനസംവിധാനങ്ങള്‍ ആണ് മിത്രാനികേതന്റെ പ്രത്യേകത.

2004 മുതല്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാവേദി ഇന്റര്‍നാഷണല്‍ എന്ന കലാ സാംസ്‌കാരിക സംഘടനയാണ് ഈ വായനശാലയുടെ നിര്‍മാണത്തിന് ആവശ്യമായ തുക നല്‍കുന്നത്. മുന്‍പും മിത്രാനികേതന് കലാവേദി ധനസഹായം നല്‍കിയിരുന്നു. നവംബര്‍ 4 നു ന്യൂ യോര്‍ക്കില്‍ അരങ്ങേറുന്ന കലോത്സവത്തില്‍ നിന്നും സമാഹരിക്കുന്ന പണം പൂര്‍ണമായും ഈ പദ്ധതിക്കാണ് കലാവേദി ഉപയോഗിക്കുന്നത്. 2006 ല്‍ കലാവേദി ആരംഭിച്ച ‘ആര്‍ട് ഫോര്‍ ലൈഫ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്കായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാവേദി നടത്തിവരുന്നത്. 2006 മുതല്‍ 2011 വരെ ഇടുക്കിയിലെ പട്ടം കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 150 ലധികം കുട്ടികള്‍ക്കായുള്ള ധനസഹായം, പുസ്തകവിതരണം, ബോധവല്‍ക്കരണസെമിനാറുകള്‍ എന്നിവ നടത്തിവന്നിരുന്നു. തിരുവല്ലയിലെ വൈ എം സി എയുടെ കീഴിലുള്ള പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വികാസ്ഭവന്‍ സ്‌കൂളിന് ധനസഹായം നല്‍കാനും ആര്ട്ട് ഫോര്‍ ലൈഫ് പ്രോജെക്ടിലൂടെ കലാവേദിക്ക് സാധിച്ചു.

സഹൃദയരായ കലാസ്‌നേഹികളുടെ സഹായം കൊണ്ട് മാത്രമാണ് ഇത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലാവേദിക്ക് സാധിക്കുന്നത്. നവംബര്‍ 4 ന് നടക്കാന്‍ പോകുന്ന കലോത്സവത്തിന്റെ വിജയത്തിനായുള്ള നെട്ടോട്ടത്തിലാണ് കലാവേദി നേതൃത്വം.
കലാവേദിഓണ്‍ലൈന്‍.കോം