പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി പ്ലസ്ടു വിദ്യാര്‍ഥി
പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കൂട്ടുകാരെ സഹായിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നിഖില്‍ ബേബിച്ചന്‍. ഇതിനുമുന്‍പും ഇത്തരത്തില്‍ ആപ്പുകളും വെബ്‌സൈറ്റുകളും നിഖില്‍ നിര്‍മിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കാപ്പാ എന്‍.എസ്.എസ്. എല്‍.പി.എസ്. സ്‌കൂളിനുവേണ്ടി നിര്‍മിച്ച് ‘നോ മൈ ചൈല്‍ഡ്’ എന്ന ആപ്പ് ഇവിടത്തെ കുട്ടികളുടെ വിവരം അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും രക്ഷാകര്‍ത്താക്കള്‍ക്കും അതത് സമയത്ത് അറിയിക്കാനുള്ള സംവിധാനംകൂടിയാണ്. മറ്റ് രണ്ട് സ്‌കൂളുകള്‍കൂടി ആപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിയേറ്റ് ഐ.ഡി.ഇ. എന്ന ആപ്പും നിഖില്‍ നിര്‍മിച്ചിട്ടുണ്ട്. ഗൂഗിളിന്റെ മാതൃകയില്‍ ജേണലുകള്‍ തിരയാനുള്ള സെര്‍ച്ച് എന്‍ജിന്റെ നിര്‍മാണത്തിലാണിപ്പോള്‍.
തിരുവനന്തപുരം കുന്നുകുഴി നിമ്മിഭവനില്‍ ബേബിച്ചന്റെയും മിനിയുടെയും മകനയാ നിഖില്‍ അച്ഛനമ്മമാര്‍ വാങ്ങിനല്‍കിയ ടാബില്‍നിന്നാണ് ഗവേഷണം തുടങ്ങുന്നത്. ഏഴാംക്ലാസുമുതലാണ് നിഖില്‍ വെബ്‌സൈറ്റ് നിര്‍മാണം ആരംഭിക്കുന്നത്.
നിഖില്‍ രൂപപ്പെടുത്തിയ നവപ്രഭ ആപ്പ് സര്‍ക്കാരും ഏറ്റെടുത്തു. ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതിന് നിര്‍വഹിക്കും. ഒന്‍പതാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ വിവരങ്ങളും മാര്‍ക്കും ഗ്രേഡിന്റെ രൂപത്തില്‍ ഇതില്‍ അപ്ലോഡ് ചെയ്യാം. ഇത്തരത്തില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ ഡേറ്റാബേസില്‍ എത്തും. ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ അപഗ്രഥിച്ച് വര്‍ഷാവസാനം നവപ്രഭ പദ്ധതിയുടെ വിജയവും ഫലവും നിര്‍ണയിക്കും.