മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കുറ്റം നിലനില്‍ക്കും, മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് പോലീസ് ഹൈക്കോടതിയില്‍

തിരുവനന്തപുരം: ചികിത്സ നിഷേധനത്തെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുരുകന് ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുറം മെഡിക്കല്‍ കോളേജിന് വീഴ്ച്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു.

മുരുകന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നതിന് വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.

യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ച മുരുകന്‍ മരിക്കുന്നത്.