സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളവര്‍ധനവിന് അംഗീകാരം

കോട്ടയം : സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷ്ണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ സ്വകാര്യആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കാനാണ് ലേബര്‍ കമ്മീഷ്ണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. നേഴ്‌സുമാരുടെ ശമ്പളവര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പളവര്‍ധനവിന് തീരുമാനമെടുക്കുകയാണെന്ന് ലേബര്‍ കമ്മീഷ്ണര്‍ മിനിമം വേതന സമിതി യോഗത്തില്‍ അറിയിച്ചു.

ഇന്നുതന്നെ റിപ്പോര്‍ട്ട് ലേബര്‍ കമ്മീഷ്ണര്‍ സര്‍ക്കാരിന് കൈമാറും. പുതിയ തീരുമാനമനുസരിച്ച് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച, 20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20000 രൂപയായിരിക്കും. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപതികളില്‍ ആനുപാതികമായി ശമ്പളം വര്‍ധിക്കും. അതേസമയം യോഗത്തില്‍ പങ്കെടുത്ത ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ തീരുമാനത്തെ എതിര്‍ത്തെങ്കിലും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാനേജ്‌മെന്റുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ അഡൈ്വസറി ബോര്‍ഡില്‍ പരാതികള്‍ അറിയിക്കാമെന്നും അവിടെ പരാതി പരിശോധിക്കുമെന്നും യോഗത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ അറിയിച്ചു.