സോളാര്‍ കേസ് : മുന്‍ അന്വേഷണസംഘത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സരിത
തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ നീക്കവുമായി സരിത എസ് നായര്‍. സോളാര്‍ കേസില്‍ മുന്‍ അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് സരിത പരാതി നല്‍കി. രാവിലെ ക്ലീഫ് ഹൗസില്‍ എത്തിയാണ് പരാതി കൈമാറിയത്.
മുന്‍ അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. 2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിട്ടില്ല. ഇതും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരും നേതാക്കളും പ്രതികളാകുമെന്ന് കണ്ട് മുന്‍സര്‍ക്കാരിന്റെ കാലത്ത് കേസ് അട്ടിമറിച്ചു. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി അന്വേഷണ സംഘം ശ്രമിച്ചു. പീഡിപ്പിച്ചവരുടെ പേരുകളും പുതിയ കത്തില്‍ സരിത ആവര്‍ത്തിച്ചിട്ടുണ്ട്.
നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണം അടക്കം സരിത ജൂഡീഷ്യല്‍ കമ്മീഷനില്‍ കൊടുത്ത മൊഴിയും തെളിവുകളും വീണ്ടും പരാതിയില്‍ ആവര്‍ത്തിച്ചു. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.
സോളാറില്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുത്ത സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കമമെന്ന് ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.ഡി.ജി.പി എ. പദ്മകുമാര്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. അന്വേഷണ സംഘത്തലവന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു.
അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും കമീഷന്‍ നിലപാട് ചോദ്യം ചെയ്ത് ഉടന്‍ കത്ത് കൈമാറാനിരിക്കെയാണ് സരിതയുടെ നീക്കം.സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച മുന്‍ സംഘത്തിന്റെ വീഴ്ചകളും വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ അന്വേഷണ സംഘത്തി!ന്റെ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.