സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും; നവംബര്‍ ഒന്‍പതിന് പ്രേത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വാക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒന്‍പതിന് വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ക്ക് ഇന്ന് കത്ത് നല്‍കും. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആരോപണ വിധേയര്‍ക്ക് നല്‍കില്ലെന്നും, നിയമസഭയില്‍ മാത്രമേ റിപ്പോര്‍ട്ട് വെയ്ക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രേത്യേക നിയമസഭാ സമ്മേളനത്തില്‍ സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മാത്രമായിരിക്കും ചര്‍ച്ച ചെയുക. ചോദ്യോത്തര വേള തുടങ്ങിയ മറ്റു സഭ നടപടികളൊന്നും അന്നുണ്ടാകില്ല.
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, അതിന്മേല്‍ എടുത്ത നടപടികള്‍ വ്യക്തമാക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സഭയില്‍ വെയ്ക്കും.ജുഡീഷ്യല്‍ കമ്മീഷന്‍ എന്‍ക്വയറീസ് ആക്ട് പ്രകാരം, കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആറുമാസത്തിനകം സഭയില്‍ വെച്ചാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയര്‍ക്കെതിരെ വളരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്ന് സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.