അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ് ചാണ്ടി മാറ്റി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം റദ്ദാക്കി. നവംബര്‍ ഒമ്പതിന് പ്രത്യേക നിയസഭാ യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് അവധി മാറ്റുന്നതെന്നാണ് വിശദീകരണം. ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തില്‍ അവധിക്കുള്ള അപേക്ഷ തോമസ് ചാണ്ടി സമര്‍പ്പിച്ചില്ല.
നിയമസഭാ സമ്മേളനത്തിനു ശേഷം ചികിത്സയ്ക്കായി പോയാല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മന്ത്രി മാറിനിന്നാല്‍ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണെന്ന് ആക്ഷേപം ഉയരുമെന്ന വിലയിരുത്തലിലാണ് അവധിയെടുക്കുന്നതിനുള്ള തീരുമാനം മാറ്റിയതെന്നാണ് സൂചന.
നവംബര്‍ ആദ്യം മുതല്‍ 15 ദിവസത്തേക്ക് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുമെന്ന്‌നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് വ്യക്തമാക്കിയിരുന്നത്.
അതേസമയം, ലേക് പാലസ് റിസോട്ട് സംബന്ധിച്ച ആലുപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍പ്പിക്കും. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട്, കായല്‍ ഭൂമി മണ്ണിട്ടു നികത്തിയാണ് നിര്‍മിച്ചതെന്ന് കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നിര്‍ദ്ദേശം കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട് എന്നാണു വിവരം.