സംഗീതം പ്രമേയമാക്കി അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ രണ്ടു നായകന്മാര്
പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ ദ്വിഭാഷാ ചിത്രം ഒരുങ്ങുന്നു. തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ സിദ്ധാര്‍ഥും കാളിദാസ് ജയറാമുമാണ് നായകന്മാര്.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ അല്‍ഫോന്‍സ് പുത്രന്റെയോ അണിയറ പ്രവര്‍ത്തകരുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് അല്‍ഫോന്‍സ് തന്റെ ഫെയിസ്ബൂക്കിലൂടെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു നര്‍മ്മ ചിത്രമാകും എന്നും രണ്ടു മാസങ്ങള്‍ക്കകം ചിത്രം ആരംഭിക്കും എന്നും അന്ന് എഫ് ബിയില്‍ കുറിച്ചിരുന്നു.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തില്‍ ദിലീപിനോടൊപ്പം പ്രധാന വേഷത്തില്‍ സിദ്ധാര്‍ഥ് എത്തുന്നുണ്ട്. കാളിദാസ് ആദ്യമായി നായകനാകുന്ന പൂമരം ഈ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങും എന്നും പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കില്‍ അല്‍ഫോന്‍സിന്റെ ചിത്രം രണ്ടു നായകന്മാരുടെയും രണ്ടാമത്തെ മലയാള ചിത്രമാകും. സിദ്ധാര്‍ഥ് നായകനാകുന്ന ‘ദ ഹൗസ് നെക്സ്റ് ഡോര്‍’ എന്ന ഹിന്ദി ചിത്രം നവംബര്‍ 3ന് റിലീസ് ആകുന്നുണ്ട്. ആന്‍ഡ്രിയ, അതുല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.