സെന്‍കുമാറിന്റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു
ന്യൂഡല്‍ഹി: പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള(കെ.എ.ടി) നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സെന്‍കുമാറിന്റെ നിയമനം നേരത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു.
2016 ഓഗസ്റ്റിലാണു കെ.എ.ടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പു സമിതി വി.സോമസുന്ദരത്തിന്റെയും സെന്‍കുമാറിന്റെയും പേരുകള്‍ ശിപാര്‍ശ ചെയ്തിരുന്നു.
സെന്‍കുമാറിന്റെ നിയമനത്തെ നേരത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെ.എ.ടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചത്.
സെന്‍കുമാറിനെ കൂടാതെ സെലക്ഷന് കമ്മിറ്റി ശുപാര്‍ശ ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിന് മാത്രം നിയമനം നല്കിയാല് മതിയെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്നാണ് ഇപ്പോഴത്തെ നിര്‍ദേശം. ഇതിനായി ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ വീണ്ടും സമര്‍പ്പിക്കണം. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് കേന്ദ്രം കത്തയച്ചിരിക്കുന്നത്.