നിവര്‍ത്തിയില്ലെങ്കില്‍ മറ്റൊരു രാജ്യത്തിനു വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്, വിലക്ക് തുടരുന്നതിനു പിറകില്‍ ബിസിസിഐ യുടെ ഗൂഡാലോചന
ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള എല്ലാ വഴികളും അടഞ്ഞാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് തനിക്കു വിലക്കേര്‍പ്പെടുത്തി കളിക്കളത്തിനു പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്നും ശ്രീശാന്ത് പറഞ്ഞു.
ഐ.പി.എല്‍ കോഴ ആരോപണത്തെത്തുടര്‍ന്നു ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. ബി.സി.സിയാണ് തന്നെ വിലക്കിയിരിക്കുന്നത് ഐ.സി.സി വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തിനായി ക്രീസിലിറങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിച്ച ശേഷവും വിലക്ക് തുടരുന്ന തനിക്കെതിരെ ബി.സി.സി.ഐ ഗുഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു.
ഇപ്പോള്‍ 34 വയസുള്ള തനിക്ക് പരമാവധി ആറ് വര്‍ഷമേ ഇനി കളിക്കളത്തില്‍ തുടരാന്‍ സാധിക്കൂ. ഇന്ത്യയുടെ ടീം എന്ന് പറയാമെങ്കിലും ബി.സി.സി.ഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് പറഞ്ഞു.
കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പോള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള ടീമുകളെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു.
ക്രിക്കറ്റ് പ്രേമികളും സമൂഹവും കൂടെയുണ്ടെങ്കിലും മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തതാണ് കാരണമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരെ നിരാശപ്പെടുത്താതിരിക്കാന്‍ തന്റെ നിയമ പോരാട്ടം തുടരുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.