ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വൈകിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ചിദംബരത്തിന്റെ പുതിയ പ്രസ്താവന.
എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും മോദി പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും ചിദംബരം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
EC has authorised PM to announce date of Gujarat elections at his last rally (and kindly keep EC informed).
— P. Chidambaram (@PChidambaram_IN) October 20, 2017
ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് ബി.ജെ.പിയെ സഹായിക്കാനാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നത് വൈകിപ്പിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനും ബി.ജെ.പിക്ക് അവസരമൊരുക്കാനാണിത് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.