പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന തുറമുഖത്തിന് നേരെ ഗ്രനേഡാക്രമണം
ക്വെറ്റ: പാകിസ്താനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ 26 തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെ തൊഴിലാളികളുടെ നേര്‍ക്ക് ആക്രമണമുണ്ടാവുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികള്‍ തൊഴിലാളികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഇത്. സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായകമാവുന്ന ഗ്വാദാര്‍ തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പടിഞ്ഞാറന്‍ ചൈനയെ മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖല കൂടിയാണ് ഗ്വാദാര്‍ തുറമുഖം.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്‍പ്പെടുന്ന ഈ മേഖലയിലൂടെ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതി കടന്നു പോകുന്നതില്‍ നേരത്തെ തന്നെ ബലൂച്ചിലെ വിമതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.പ്രദേശത്തെ സമ്പത്തും വിഭവങ്ങളും കൊളളയടിക്കുകയും ചൂഷണം ചെയ്യാനുമാണ് പദ്ധതിയ്ക്ക് പിന്നിലെന്നാണ് ബലൂച്ച് നേതാക്കളുടെ വാദം. ഈ വാദം മുന്‍നിര്‍ത്തി ഗ്വാദാര്‍ ആഴക്കടല്‍ തുറമുഖ പദ്ധതി ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളെ ബലൂച്ച് നേതാക്കള്‍ എതിര്‍ത്തിരുന്നു.
ചൈനയുടെ എക്കാലത്തേയും സ്വപ്ന പദ്ധതിയായ സാമ്പത്തിക ഇടനാഴി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരെ വിഘടനവാദികളും രംഗത്തെത്തിയിരുന്നു. 57 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കുമെന്ന് പാകിസ്താന്‍ ചൈനയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നോളം തവണയാണ് പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്കെതിരെ മേഖലയില്‍ ആക്രമണമുണ്ടാവുന്നത്. ഇത് ഇരു രാജ്യങ്ങളിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്.