വിജയ് ചിത്രം മെര്‍സലിനെ വിമര്‍ശിച്ച ബിജെപിക്ക് സിനിമ സ്‌റ്റൈല്‍ മറുപടിയുമായി പി ചിദംബരം; ബിജെപിയുടെ വിമര്‍ശനം മെര്‍സലിന് ജനപ്രിയത കൂട്ടിഎന്ന് അണിയറക്കാര്‍
ചെന്നൈ: സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സിനിമ നിര്‍മിക്കുന്നവര്‍ ഇനി ജാഗ്രത പാലിക്കണം. കേന്ദ്ര സര്‍ക്കാറിനെ പ്രകീര്‍ത്തിക്കുന്ന സിനിമകളും ഡോക്യുമെന്ററികളും മാത്രം നിര്‍മിച്ചാല്‍ മതിയെന്ന നിയമം വരാന്‍ പോവുകയാണെന്നാണ് ചിദംബരത്തിന്റെ വിമര്‍ശനം.
ഹിന്ദുമതത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ ആചാരങ്ങളെ വിമര്‍ശിക്കുന്ന പരാശക്തി ഇന്നാണ് റിലീസ് ചെയ്തതെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാവുമായിരുന്നെന്നും ചിദംബരം ട്വിറ്റില്‍ കുറിച്ചു. ദീപാവലി ദിനത്തില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.
നേരത്തെ,വിജയുടെ പുതിയ ചിത്രമായ മെര്‍സലിനെതിരെ ബി.ജെ.പി വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന മെര്‍സലിലെ രംഗങ്ങളാണ് ബി.ജെ.പിയെ പ്രകോപിച്ചത്.
ബി.ജെ.പി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ വിജയ് നായകനായ ചിത്രം ‘മെര്‍സലി’നു പൂര്‍ണ പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തി. സംവിധായകന്‍ പാ രഞ്ജിത്തിനു പിന്നാലെ സിനിമയെ പിന്തുണച്ച് കമലഹാസനും പ്രസ്താവനയുമായെത്തിയിട്ടുണ്ട്. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യരുതെന്ന് കമല്‍ പറഞ്ഞു.
വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടുകയാണ് വേണ്ടത്. അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല പാര്‍ട്ടിയും പാര്‍ട്ടിപ്രവര്‍ത്തകരും ചെയ്യേണ്ടത്. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നൂ എന്ന് പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് വിജയ് നായകനായ മെര്‍സലിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.
എന്നാല്‍, ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്ത് എത്തിയതോടെ കൂടുതല്‍ പിന്തുണ സിനിമയ്ക്ക് ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.