ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി സിബിഐ; സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്‌സസ് അഴിമതി കേസില്‍ പുനരന്വേഷണ സാധ്യത തേടി സി.ബി.ഐ കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ബ്രദേഴ്‌സ് കമ്പനിക്കെതിരായ നടപടികള്‍ റദ്ദാക്കിയ, 2005ലെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് സി.ബി.ഐ നീക്കം.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിലെ പുനരന്വേഷണ സാധ്യത തേടി സി.ബി.ഐ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍, ഇത്രയും കാലത്തിനുശേഷം സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ കാലതാമസം വന്നതിനെക്കുറിച്ചു വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. 2005ല്‍ പുനരന്വേഷണം നടത്താന്‍ സി.ബി.ഐ താല്‍പര്യപ്പെട്ടിരുന്നെങ്കിലും അന്ന് കേന്ദ്രത്തെ ഭരിച്ചിരുന്ന യു.പി.എ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

അതേസമയം, ബോഫോഴ്‌സ് കേസ് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ബി.ജെ.പി നേതാവ് അജയ്കുമാര്‍ അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. കേസിനാസ്പദമായ യഥാര്‍ഥ സ്വിസ് രേഖകളോ, വിശ്വാസയോഗ്യമായ പകര്‍പ്പോ ഹാജരാക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ലെന്ന വിലയിരുത്തിയാണ് ഹിന്ദുജ സഹോദരന്മാരെയും സ്വീഡനിലെ ആയുധ നിര്‍മാതാക്കളായ എ.ബി. ബോഫോഴ്‌സ് കമ്പനിയെയും ഡല്‍ഹി ഹൈക്കോടതി പൂര്‍ണമായും കുറ്റവിമുക്തരാക്കിയത്..

രാജീവ് സര്‍ക്കാരിന്റെ പതനം കുറിച്ച ബോഫോഴ്‌സ്

1989 ല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ചതു ബോഫോഴ്‌സ് ആയുധ ഇടപാടിലെ കോഴ വിവാദമായിരുന്നു. 1986ല്‍ സ്വീഡനിലെ എ.ബി. ബോഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ കരസേനയ്ക്കു 155 എംഎം ന്റെ 410 പീരങ്കികള്‍ വാങ്ങുന്നതിന് 1437 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചതില്‍ 64 കോടി രൂപ കോഴ നല്‍കി എന്നായിരുന്നു കേസ്.

1999ല്‍ സിബിഐ ഫയല്‍ചെയ്ത കേസില്‍ ആയുധ ഇടപാടുകാരന്‍ വിന്‍ ഛദ്ദ, ഒട്ടാവിയോ ക്വത്തറോക്കി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നഗര്‍, മാര്‍ട്ടിന്‍ അര്‍ബഡോ, ബോഫോഴ്‌സ് കമ്പനി, ഹിന്ദൂജാ സഹോദരന്മാര്‍ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗൂഢാലോചനയില്‍ പങ്കാളിയാണ് എന്നായിരുന്നു ആരോപണം.