ഇളയദളപതിയുടെ ‘മെര്‍സലി’ന് പിന്തുണയുമായി ഉലകനായകന്‍

വിജയുടെ മെര്‍സലിന് പിന്തുണയുമായി കമല്‍ ഹാസനും രംഗത്തുവന്നു, ട്വിറ്ററിലൂടെയാണ് കമല്‍ തന്റെ പ്രതികരണം അറിയിച്ചത്. മെര്‍സല്‍ സെന്‍സര്‍ ചെയ്തു പുറത്തിറങ്ങിയ ചിതാരമാണ് അതിനെ വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ഒരാവശ്യവും ഇല്ല.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ടു നിരോധനത്തെയും ജി.എസ.ടി യെയും ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്, ഇത് ബി.ജെ.പിയെയും മോഡി ഭക്തരേയും വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ യുക്തിസഹമായ പ്രതികരണങ്ങളിലൂടെ നേരിടണം, വിമര്‍ശകരെ എതിര്‍ക്കരുത്, ഇത്തരം സംസാരങ്ങളും പ്രതികരണങ്ങളും സംഭവിക്കുമ്പോള്‍ ഇന്ത്യ തിളങ്ങും’, എന്നാണ് കമല്‍ തന്റെ ട്വീറ്റിലൂടെ പ്രതികരിച്ചത്.

ജി.എസ.ടി യെ പരാമര്‍ശിച്ചു ചിത്രത്തില്‍ പറയുന്നത് മുഴുവന്‍ അസത്യങ്ങളാണെന്നും അവ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ബി.ജെ.പി യുടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപെട്ടിരുന്നു. ഇത് നടന്‍ വിജയുടെ അന്ധമായ മോഡി വിരുദ്ധ വികാരമാണെന്ന് മറ്റൊരു നേതാവ് രാജയും പ്രതികരിച്ചിരുന്നു. ഇവയ്ക്കുപുറമെ സമൂഹ മാധ്യമങ്ങളിലൂടെ ആര്‍.എസ്.എസ് സംഘപരിവാര്‍ അനുഭാവികളില്‍ നിന്നും നിലവാരം കുറഞ്ഞ പരാമര്‍ശങ്ങളും ട്രോളുകളും നേരിടുന്നുണ്ട് മെര്‍സലും നടന്‍ വിജയ്‌യും. ചിത്രവും വിജയ്‌യും ഹിന്ദു വിരുദ്ധര്‍ എന്നും ദേശസ്‌നേഹ വിരുദ്ധര്‍ എന്നുമാണ് അവരുടെ പ്രചരണം.

രജനികാന്ത് ചിത്രം കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്ത് കഴിഞ്ഞ ദിവസം മെര്‍സലിനെ പിന്തുണച്ചു പ്രതികരിച്ചു. ചിത്രം വീണ്ടും സെന്‍സര്‍ ചെയ്ത് ജി.എസ.ടി പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ബി.ജെ.പി ആവശ്യപെടുന്നതിന്റെ യുക്തിയെന്തെന്ന് രഞ്ജിത്ത് ചോദിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്ന് സി.പി.എം പറഞ്ഞു.