മലയാളി താരം കെ പി രാഹുല്‍ ഇന്ത്യന്‍ അണ്ടര്‍19 ടീമില്‍, ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ടീം ബുധനാഴ്ച പുറപ്പെടും

ദില്ലി: കൗമാര ലോകകപ്പില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം കെ.പി. രാഹുല്‍ ഇന്ത്യയുടെ അണ്ടര്‍19 ദേശീയ ടീമില്‍. അടുത്തമാസം സൗദിയില്‍ നടക്കുന്ന അണ്ടര്‍19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനുള്ള 29 അംഗ സാധ്യത പട്ടികയില്‍ രാഹുല്‍ അടക്കം അണ്ടര്‍17 ലോകകപ്പ് ടീമില്‍ കളിച്ച 17 പേരെയും ഉള്‍പ്പെടുത്തി. യോഗ്യത മത്സരങ്ങള്‍ക്കായി ടീം ബുധനാഴ്ച പുറപ്പെടും.

ശക്തരായ സൗദി,യെമന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം കടുത്ത ഗ്രൂപ്പിലാണ് ഇന്ത്യ. എങ്കിലും ലോകകപ്പ് കളിച്ചെത്തുന്ന ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഏഷ്യാകപ്പില്‍ ഇടം നേടാം. നവംബര്‍ നാലിന് സൗദി അറേബ്യയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. നവംബര്‍ ആറിന് യെമനെയും എട്ടിന് തുര്‍ക്ക്‌മെനിസ്ഥാനെയും ഇന്ത്യ നേരിടും. പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യതാ മത്സരം. ഗ്രൂപ്പ് ചാമ്പ്യന്‍മാരും ഗ്രൂപ്പിലെ മികച്ച ആറ് രണ്ടാം സ്ഥാനക്കാരുമാണ് ടൂര്‍ണമെന്റിന് യോഗ്യത നേടുക.

ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി അണ്ടര്‍19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. 16 തവണ ടൂര്‍ണമെന്റിന് യോഗ്യത നേടിയിട്ടുള്ള ഇന്ത്യ 1974ല്‍ തായ്‌ലന്‍ഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുകയും 1973ല്‍ ഇറാനില്‍ നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2006നുശേഷം ഇന്ത്യക്കിതുവരെ ടൂര്‍ണമെന്റിന് യോഗ്യത നേടാനായിട്ടില്ല. 2006ല്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. ഗ്രൂപ്പില്‍ ഒരു പോയന്റുമായി അവസാന സ്ഥാനത്തായിരുന്നു അന്ന് ഇന്ത്യ.