വെട്ടിമാറ്റിയിട്ടും മെര്‍സലിലെ ബിജെപി വിമര്‍ശന സീന്‍ ഇന്റര്‍നെറ്റില്‍; രംഗം സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നു
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം മെര്‍സലിനെതിരേ ആരോപണങ്ങളുമായി ബി.ജെപി. രംഗത്തെത്തിയതോടെ മെര്‍സലിലെ വിവാദരംഗങ്ങള്‍ വെട്ടിമാറ്റിയിടരുന്നു. പക്ഷെ ബി.ജെ.പി.യെ ചൊടിപ്പിച്ച, ജി.എസ്.ടി.യെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന, ചിത്രത്തിലെ രംഗം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ്.
ചിത്രത്തില്‍ നായകന് വിജയ്, കേന്ദ്ര സര്‍ക്കാരിന്റെ ചരക്കു സേവന നികുതിയെ വിമര്‍ശിക്കുന്ന രംഗമാണ് ട്വിറ്ററിലെത്തിയത്. വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരതമ്യം ചെയ്യുന്നതാണ് രംഗം. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി.എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയ്യുടെ ഡയലോഗാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രത്തിലെ ക്ലിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ എന്ന കുറിപ്പോടെയാണ് ഈ ക്ലിപ്പ് പോസ്റ്റ് ചെയ്തത്. മോദി സര്‍ക്കാര്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ എന്നാണ് വീഡിയോയുടെ ടൈറ്റില്‍.
Scene that North Korean President Kim Jong-Un wants to delete from the Movie “Mersal”. (2017) pic.twitter.com/suBoE1s0ea
— History of India (@RealHistoryPic) October 21, 2017
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്രാജന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇതിനെ തുടര്‍ന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വിവാദ രംഗങ്ങളില്‍ ഒന്ന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
അതെ സമയം ചിത്രത്തിലെ രംഗങ്ങള്‍ വെട്ടിമാറ്റാനുള്ള ബി.ജെ.പി.യുടെ ആവശ്യത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരായ കമല്ഹാസന്, പാ രഞ്ജിത്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം എന്നിവര്‍ രംഗത്തുവന്നിരുന്നു.