വിനീഷ്യസല്ലാതെ മറ്റൊരു ‘വണ്ടര്‍ കിഡ്’ കൂടി റയലിലേക്കെത്തുന്നു; വരും കാലം ഫുട്ബോള്‍ ലോകം വാഴാനുറച്ച് റയല്‍
ലോക ഫുട്‌ബോളിലെ ക്ലബ് ടീമുകളില്‍ ഏറ്റവും പ്രതാപശാലികളാണ് റയല്‍മാഡ്രിഡ്. റയല്‍ മാഡ്രിഡ് നിരയില്‍ നിലവിലുള്ളതും, മുമ്പത്തേയും താര നിരകളും, അവര്‍ നേടിയെടുത്ത കിരീടങ്ങളുടെ കണക്കുകളും പരിശോധിച്ചാല്‍ റയല്‍ മാഡ്രിഡിന്റെ പ്രതാപത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. റയല്‍ മാഡ്രിനൊപ്പം കിടപിടിക്കാന്‍ പോന്ന ടീമുകള്‍ ലോക ഫുട്ബോളില്‍ വിരളമാണെന്നുതന്നെ പറയാം.
ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളെ എത്ര വിലകൊടുത്താം സ്വന്തം പാളയത്തിലെത്തിക്കാന്‍ റയല്‍ മടിക്കാറില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരത് ബെയിലുമെല്ലാം ആധുനികഫുട്‌ബോള്‍ ലോകത്ത് സാന്റിയാഗോ ബര്‍ണബ്യുവിനെ താരത്തിളക്കം നല്‍കുകയാണ്.
വരും കാലവും റയലിന്റേതായിരിക്കുമെന്നുറപ്പാക്കുന്ന നീക്കങ്ങളാണ് പരിശീലകന്‍ സിനെദൈന്‍ സിദാന്‍ നടത്തുന്നത്. ബാഴ്‌സയില്‍ നിന്നിറങ്ങി പി.എസ്.ജി കൂടാരത്തിലേക്ക് ചേക്കേറിയ നെയ്മര്‍ അധികം താമസിക്കാതെ റയലിലെത്തുമെന്നാണ് കാല്‍പന്തുലോകം വിലയിരുത്തുന്നത്.
അതിനിടയിലാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍ താരമാകുമെന്ന് വിലയിരുത്തപ്പെടുന്ന ബ്രസീലിന്റെ ‘വണ്ടര്‍കിഡി’നെ റയല്‍ നോട്ടമിട്ടത്. അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന്റെ സാംബാതാളത്തില്‍ ചുവടുവെച്ച അലന്‍ സോസയെ ടീമിലെത്തിക്കാനുറപ്പിച്ചിരിക്കുകയാണ് റയല്‍.ഉടന്‍ തന്നെ താരവുമായി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാമിറാസിന്റെ താരമായ അലന് 44 മില്ല്യന്‍ യൂറോയാണ് വിലയിട്ടിരിക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ ബി ടീമായ റയല്‍ മാഡ്രിഡ് കാസ്റ്റില്ലയ്ക്കു വേണ്ടിയാകും അലനെ ആദ്യം കളത്തിലിറക്കുക. പിന്നാലെ മാഡ്രിഡ് സീനിയര്‍ ടീമിലും താരം ഇടംകണ്ടെത്തും. ബ്രസീലിന്റെ മറ്റൊരു യുവ സൂപ്പര്‍താരമായ വിന്‍ഷ്യസ് ജൂനിയറുമായി റയല്‍ കരാറിലെത്തിയിട്ടുണ്ട്.
വിന്‍ഷ്യസിന്റെ അഭാവത്തിലും ബ്രസീല്‍ അണ്ടര്‍ 17 ടീമിന്റെ പ്രതാപം നിലനിര്‍ത്താനായത് അലന്റെ മികവാണെന്നാണ് ലോകം വിലയിരുത്തുന്നത്. ഇതുതന്നെയാണ് താരത്തിന്റെ തിളക്കം വര്‍ദ്ധിക്കാനുള്ള കാരണവും.