ഇന്ത്യക്കെന്നല്ല ഒരു രാജ്യത്തിനു വേണ്ടിയും ശ്രീശാന്തിന് കളിക്കാനാവില്ല; അവസാന ആണിയടിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ശ്രീശാന്തിനെതിരെ വീണ്ടും ബി.സി.ഐ. ഇന്ത്യക്കു വേണ്ടി കളിക്കാനായില്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം ശ്രീ ശാന്ത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി.സി.സി.ഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന രംഗത്തു വന്നിരിക്കുന്നത്.

ഐ.സി.സി വിലക്കില്ലെങ്കിലും ചട്ടങ്ങള്‍ അനുസരിച്ച ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ല,  മാതൃരാജ്യത്തെ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ഒരു താരത്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ല. ഐ.സി.സി നിയമത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും ആക്ടിങ് പ്രസിഡന്റ് വ്യക്തമാക്കി.

ഐ.പി.എല്‍ ആറാം സീസണ്‍ മത്സരങ്ങളില്‍ ഒത്തുകളി വിവാദത്തിലാണ് അച്ചടക്ക സമിതി ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റം ചെയ്തുവെന്ന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ രക്ഷിക്കുവാന്‍ ഉന്നതരായ ആളുകള്‍ ഇല്ലാത്തത് കൊണ്ടാണ് വിലക്ക് നേരിടുന്നതെന്നും, ബി.സി.സി.ഐയുടെ ഗൂഡാലോചനയാണ് തനിക്കേര്‍പ്പെടുത്തിയ വിലക്കിനു പിറകിലെന്നും കഴിഞ്ഞ ദിവസം ശ്രീശാന്ത് പറഞ്ഞിരുന്നു. ബി.സി.സി.ഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് ഒരു മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.