മെര്‍സല്‍ വിവാദം ; ബി ജെ പിയില്‍ നിന്നും വിജയ് ആരാധകരുടെ കൊഴിഞ്ഞുപോക്ക് എന്ന് റിപ്പോര്‍ട്ട്
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായി പുറത്തുവന്ന പുതിയ ചിത്രമായ മെര്‍സല്‍ കാരണം ഏറ്റവും തലവേദന ഉണ്ടായത് ബി ജെ പി എന്ന പാര്‍ട്ടിക്കാണ്. ചിത്രത്തില്‍ ബി ജെ പിയെ പറ്റി ഒന്നും പറയുന്നില്ല എങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി, നോട്ട് നിരോധനം എന്നിവയെ ചിത്രം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിനെതിരെ ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നതോടെ വിഷയം ദേശിയ ശ്രദ്ധയില്‍ എത്തുകയും ചിത്രത്തിനെ പിന്തുണച്ചുകൊണ്ട് മറ്റു പാര്‍ട്ടികളും സിനിമാ താരങ്ങളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ബി ജെ പിക്ക് എതിരെ തിരിയുകയും ചെയ്തു. തുടര്‍ന്ന്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്ത് വിവാദമായ രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യും എന്നും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ ആരാധകര്‍ ആ രംഗങ്ങളും സംഭാഷണവും സോഷ്യല്‍ മീഡിയ വഴി വന്‍ തോതില്‍ പ്രചരിപ്പിക്കുകയും സിനിമ കാണാത്തവര്‍ പോലും ഇവയെല്ലാം കണ്ടു മനസിലാക്കുകയും ചെയ്തു.
ഇതിനൊക്കെ പുറമെ ഇപ്പോളിതാ ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കണം എന്ന പേരില്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു എന്ന് കാട്ടി കേരളത്തില്‍ ബി ജെ പിയില്‍ നിന്നും വിജയ് ആരാധകരുടെ കൊഴിഞ്ഞുപോക്ക് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കളാണ് ഇത്തരത്തില്‍ ഇഷ്ടതാരമാണ് വലുത് എന്ന നിലയില്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പലരും പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടാണ് പടി ഇറങ്ങുന്നത് എന്നും പറയപ്പെടുന്നു. മെര്‍സല്‍ വിവാദം മാത്രമല്ല അടുത്തിടെ കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷാ യാത്രയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് കാട്ടി പലരും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. പല ജില്ലകളിലും യാത്ര ശുഷ്കമാകുവാന്‍ കാരണമായതും ഇതാണ്. അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് തിയറ്ററില്‍ ചിത്രത്തിന്റെ ഷോ തടസപ്പെടുത്താന്‍ ശ്രമിച്ച ബി ജെ പി പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയും ചിത്രവും വ്യാജമാണ് എന്ന് കൊല്ലം ജില്ലാ നേത്രത്വം വ്യക്തമാക്കുന്നു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന്‍ യുവാക്കള്‍ സംഘം തിരിഞ്ഞു ഉണ്ടായ സംഘട്ടനമാണ് കമ്മ്യൂണിസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ വളച്ചൊടിച്ചത് എന്ന് അവര്‍ പറയുന്നു.