മെര്‍സല്‍ കണ്ടത് നെറ്റില്‍ നിന്നും ; വ്യാജ പതിപ്പ് കണ്ട് അഭിപ്രായം പറഞ്ഞ് വെട്ടിലായി ബി ജെ പി ദേശിയ സെക്രട്ടറി

ചെന്നൈ : ബി ജെ പി ദേശിയ സെക്രട്ടറി എച്ച് രാജയാണ് താന്‍ ചിത്രം കണ്ടത് ഇന്റര്‍നെറ്റില്‍ നിന്നാണ് എന്ന് തുറന്നു പറഞ്ഞത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാജയ്ക്ക് അബദ്ധം പിണഞ്ഞത്. മെര്‍സല്‍ വിവാദത്തില്‍ വിജയ് യുടെ യഥാര്‍ഥ നാമം ജോസഫ് വിജയ് എന്നാണെന്ന് എടുത്തുപറഞ്ഞ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയതും ഇദ്ദേഹമാണ്. എന്നാല്‍ രാജെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ നടന്‍ വിശാലും മറ്റു സിനിമാ പ്രവര്‍ത്തകരും. രാജ വ്യാജപതിപ്പുകളെ പ്രോത്സാഹിപ്പിക്കുകയും തികച്ചും ലജ്ജാരഹിതമായി അതിനെ അനുകൂലിക്കുകയും ചെയ്യുകയാണ് എന്ന് വിശാല്‍ കുറ്റപ്പെടുത്തുന്നു.

താങ്കളെ പോലൊരു പൊതു പ്രവര്‍ത്തകന്‍ സമൂഹത്തിന് മാതൃകയാകേണ്ടതിന് പകരം ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടത് എന്നെ അതിശയിപ്പിക്കുന്നു.തികച്ചും നിര്‍വികാരവും അനാവശ്യവുമായ പ്രവര്‍ത്തിയായി പോയി” -വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ചെയ്ത തെറ്റിന് രാജ നിരുപാധിമായി മാപ്പ് പറയണമെന്ന് വിശാൽ ആവശ്യപ്പെട്ടു. നടൻ പാർത്തിപനും ഇതിനെതിരെ രംഗത്തെത്തി. അതേസമയം സിനിമ മുഴുവൻ കണ്ടില്ലെന്നും സർക്കാരിനെ കുറ്റപ്പെടുത്തുന്ന ചില രംഗങ്ങൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അത് മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജയെ അറസ്റ്റ് ചെയ്യണമെന്ന വാദവുമായി എ ഡി എം കെ നേതാവ് നഞ്ചിൽ സമ്പത്തും രംഗത്തെത്തി.