ഡല്‍ഹിയില്‍ മലയാളി നഴ്‌സിന്‍റെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍
ഡല്‍ഹിയില്‍ മലയാളി നഴ്‌സ് അനിത ജോസഫ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ ലിസി നല്‍കിയ പരാതിയില്‍ അനിതയുടെ ഭര്‍ത്താവ് രജീഷിനെ നേവ് സരായ് പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തിയാണ് രജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അനിത ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അനിതയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി എയിംസിലെ കാത്ത് ലാബ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് അനിത. പോസ്റ്റ്‌മോര്ട്ടത്തിന് ശേഷം എയിംസില്‍ സാക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി ദേവ് ലിയില്‍ സംസ്‌കരിച്ചു.
ഡല്‍ഹി എയിംസില്‍ നഴ്‌സായിരുന്ന കണ്ണൂര്‍ ഉദയഗിരി സ്വദേശി അനിതയെ ദീപാവലി ദിനത്തിലാണ് ഖാന്‍പൂര്‍ ദേവ് ലിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിച്ച് സ്വന്തം വീട്ടിലെത്തി അരമണിക്കൂറിനുള്ളില്‍ അനിത തൂങ്ങി മരിച്ചതായി ഭര്‍ത്താവ് രജീഷ് ഇവരെ അറിയിക്കുകയായിരുന്നു. അനിതയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.