ഗാന്ധിജിയും നെഹ്റുവും ‘മാലിന്യ’ങ്ങളാണെന്ന് അധിക്ഷേപിച്ച് ബിജെപി എംപി; പ്രക്ഷോഭം ആളിപ്പടരുന്നു
ന്യൂഡല്‍ഹി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും പ്രസംഗത്തിനിടയില്‍ അധിക്ഷേപിച്ച ബി.ജെ.പി എം.പി വിവാദത്തില്‍. അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പി കാമാഖ്യ പ്രസാദ് ടെസയാണ് ഗാന്ധിയെയും നഹ്റുവിനെയും ‘മാലിന്യം’ എന്ന് അഭിസംബോധന ചെയ്തത് അധിക്ഷേപിച്ചത്.
നെഹ്റു, ഗാന്ധി എന്നീ ‘മാലിന്യങ്ങളെ’ ജനങ്ങളുടെ മനസ്സിലേയ്ക്ക് കുത്തിനിറയ്ക്കുകയാണ് ഇത്രയും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ജനമനസ്സുകളില്‍ മറ്റൊരു സിദ്ധാന്തത്തിനും ഇടമില്ലാതായിരിക്കുന്നു എന്നാണ് കാമാഖ്യ പ്രസാദ് പ്രസംഗത്തിനിടയില്‍ പറഞ്ഞത്.
രാഷ്ട്രപിതാവിനെയും,നെഹ്റുവിനെയും അധിക്ഷേപിച്ച കാമാഖ്യ പ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. തുടര്‍ന്ന് കാമാഖ്യ പ്രസാദിനെതിരെ ഗുവാഹാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ മാലിന്യം എന്ന് അധിക്ഷേപിച്ചത് ക്ഷമിക്കാനാവാത്ത തെറ്റാണ്. എം.പിയ്ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുകയും ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണമെന്ന് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ശനിയാഴ്ച ശിവസാഗര്‍ ജില്ലയിലെ സോനാരിയില്‍ പൊതുസമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം. മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളും സമ്മേളനവേദിയിലുണ്ടായിരുന്നു.