ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം; ആരോപണവുമായി പട്ടീദാര്‍ നേതാവ് രംഗത്ത്; വെട്ടിലായി ബിജെപി

അഹമ്മദാബാദ്: പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പട്ടീദാര്‍ ആന്ദോളന്‍ സമിതി പാര്‍ട്ടി കണ്‍വീനറായ നരേന്ദ്ര പട്ടേലാണ് ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുന്നോടിയായി ലഭിച്ച 10 ലക്ഷം രൂപയുമായാണ് നരേന്ദ്ര പട്ടേല്‍ വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തത്. തനിക്കു ലഭിച്ച പണം നരേന്ദ്ര പട്ടേല്‍ മാധ്യമ പ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു.

ഗുജറാത്തില്‍ ഹര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ പ്രക്ഷേഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് നരേന്ദ്ര പട്ടേല്‍. ഞാറാഴ്ച്ചയാണ് നരേന്ദ്ര പട്ടേലും ഹര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായി വരുണ്‍ പട്ടേലും ബി.ജെ.പിയില്‍! ചേര്‍ന്നത്.

തനിക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയ വരുണ്‍ പട്ടേല്‍ വഴിയാണ് വാഗ്ദാനം ലഭിച്ചതെന്ന് നരേന്ദ്ര പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അഡ്വാന്‍സായി 10 ലക്ഷം ലഭിച്ചെന്നും ബാക്കി തുക തിങ്കളാഴ്ച്ച ലഭിക്കുമെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

എന്നാല്‍ റിസര്‍വ്വ് ബാങ്കിലെ മുഴുവന്‍ പണം നല്‍കിയാലും തന്നെ വിലയ്‌ക്കെടുക്കാനാവില്ലെന്ന് നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. പട്ടീദാര്‍ സമൂഹം പാര്‍ട്ടിയില്‍ ചേരുന്നതില്‍ അതൃപ്!തരായ കോണ്‍ഗ്രസ് ആരോപണം അഴിച്ചുവിടുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ഡിസംബറില്‍ ഗുജറാത്ത് നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയാകും ഈ ആരോപണം.