ജീവന് ഭീഷണിയുണ്ടെന്ന് ദിലീപ്; പിന്നില്‍ പരാതി നല്‍കിയവര്‍, സുരക്ഷാ സേനയെ നിയോഗിച്ചിട്ടില്ല
കൊച്ചി: തന്റെ ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ്. തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നുതന്നെയാണ് ഭീഷണിയുള്ളതെന്നും അക്കാരണത്താലാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സിയെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും പോലീസിനു നല്‍കിയ മറുപടിയില്‍ ദിലീപ് പറഞ്ഞു.
ആലുവ ഈസ്റ്റ് എസ്.ഐയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.
സുരക്ഷക്കായി താന്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. സുരക്ഷാ ഒരുക്കുന്നത് സംബന്ധിച്ച് സുരക്ഷാ ഏജന്‍സികളുമായി ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തതെന്നും പൊലീസിന് നല്‍കിയ മറുപടിയില്‍ ദിലീപ് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സുരക്ഷയൊരുക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയത്.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിനെ ദിലീപ് തന്റെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തനിക്ക് സുരക്ഷാ ഭീഷണിയുള്ളതായി ദിലീപ് പോലീസിനെ അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള സാഹചര്യവും സുരക്ഷാ ഏജന്‍സിയുടെ വിശദാംശങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ദിലീപിന് നോട്ടീസ് നല്‍കിയത്.
സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.ഇതിനു മറുപടി നല്‍കികൊണ്ടുള്ള വിശദീകരണത്തിലാണ് തന്റെ ജീവന് ഭീഷണിയുള്ളതായി ദിലീപ് അറിയിച്ചത്.