ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍; ഇറാനെ മുട്ടുകുത്തിച്ച് സ്‌പെയിന്‍, കൗമാര ലോകകപ്പ്, സെമി ലൈനപ്പായി
കൊച്ചി: ഏഷ്യന്‍ ശക്തികളായ ഇറാന്റെ മൂന്നേറ്റത്തിന് കടിഞ്ഞാണിട്ട് സ്‌പെയിനും, ജര്‍മന്‍ കരുത്തിനെ തകര്‍ത്തെറിഞ്ഞ് ബ്രസീലും ജയിച്ച് കയറിയതോടെ കൗമാര ലോകകപ്പിന്റെ സെമി ലൈനപ്പായി. ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പാനിഷ് പട സെമിയിലെത്തിയത്.
ബുധനാഴ്ച്ച നടക്കുന്ന സെമിയില്‍ ആഫ്രിക്കന്‍ കരുത്തരായ മാലിയാണ് സ്‌പെയിനിന്റെ എതിരാളികള്‍. . സ്‌പെയിനായി ആബേല്‍ റൂയിസ്, സെര്‍ജിയോ ഗോമസ്, ഫെരാന്‍ എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് സ്‌പെയിന്‍ വിജയിച്ചത്. ഇറാനായി 69ാം മിനുറ്റില്‍ കരിമി ഏക ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള ഇറാന്റെ ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ വന്നപ്പോള്‍ സ്പാനിഷ് ടീം ലോകപ്പിന്റെ അവസാന നാലിലെത്തി.
2014 ലോകകപ്പില്‍, മരക്കാനയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ നാണംകെടുത്തിയ ജര്‍മ്മനിയെ സാള്‍ട്ട് ലേകില്‍ പകരംവീട്ടിയാണ് ബ്രസീല്‍ സെമിക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്താണ് കാനറിപ്പട സെമിയിലെത്തിയത്. തോല്‍വിയോടെ ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്തായി.
21ാം മിനുറ്റില്‍ ആര്‍പോയിലൂടെ ആദ്യ ഗോള്‍ നേടി ജര്‍മ്മനി മത്സരം തങ്ങളുടേതാണെന്ന് തോന്നിച്ചു.
എന്നാല്‍ രണ്ടാം പകുതിയുടെ 71, 77 മിനുറ്റുകളില്‍ ഇരട്ട പ്രഹരം നല്‍കി ബ്രസീല്‍ മത്സരം വരുതിയിലാക്കുകയായിരുന്നു. വിവേഴ്‌സണും പൗലീഞ്ഞോയുമാണ് കാനറികള്‍ക്കായി വലകുലുക്കിയത്. യൂറോപ്പ്യന്‍ കരുത്തരായ ഇംഗ്ലണ്ടാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍.