ഹരികെയ്ന് റിലീഫ് ഫണ്ട്: അഞ്ചു പ്രസിഡന്റുമാരുടെ അപൂര്‍വ്വ സംഗമം
പി.പി. ചെറിയാന്
കോളജ് സ്റ്റേഷന് (ടെക്സസ്): ഹൂസ്റ്റണ്‍, ഫ്ളോറിഡ,. വെര്‍ജിന്‍ ഐലന്റ്, പോര്‍ട്ടോറിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ദുരിതത്തിനിരയായവര്‍ക്കും, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫണ്ട് രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച കണ്‍സര്‍ട്ടില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന അഞ്ച് മുന്‍ പ്രസിഡന്റുമാരുടെ സാന്നിധ്യം അപൂവാനുഭവമായി.
ഒക്ടോബര്‍ 21-ന് ശനിയാഴ്ച രാത്രി 8 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്, ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ്, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തു. ട്രംപിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെങ്കിലും കണ്‍സര്‍ട്ടിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള റിക്കാര്‍ഡ് ചെയ്ത വീഡിയോ പ്രസംഗം അയച്ചിരുന്നു.
കോളജ് സ്റ്റേഷന് ടെക്സസ് എ. & എം യൂണിവേഴ്സിറ്റി റീഡ് അരീനയില്‍ ഡീപ് ഫ്രം ദി ഹാര്‍ട്ട്, ദി വണ്‍ അമേരിക്ക അപ്പീല്‍ എന്ന പേരില്‍ സംഘടിപ്പിച്ച പാരിടിയില് പങ്കെടുക്കുന്നതിന് ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരെ ഓര്‍ത്ത് രാജ്യം കേഴുകയാണ്. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും പ്രാര്‍ത്ഥിക്കുകയും മാത്രമേ ഇപ്പോള്‍ കരണീയമായിട്ടുള്ളൂ. ജോര്‍ജ് ബുഷിന്റെ പിതാവ് വീല്‍ ചെയറിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്നത്. റോക്ക് കണ്ട്രി ഗായകരായ ലില്‍ ലവ്ലെറ്റ്, റോബര്‍ട്ട് ഏള് കീന്‍, സാംമൂര് എന്നിവരാണ് കണ്‍സര്‍ട്ടിന് നേതൃത്വം നല്‍കിയത്.