കോഹ്ലിയുണ്ടെന്നുള്ളത് ശരിയാണ്; പക്ഷേ ടീമിന്റെ യഥാര്‍ഥ ക്യാപ്റ്റന്‍ ഇപ്പോഴും ധോണി തന്നെയെന്ന് യുവതാരം 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി തന്നെയാണെന്ന് ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ നായകനെന്ന് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. നായകനായി വിരാട് കോഹ്ലിയുണ്ടെന്നത് ശരിയാണ്. എങ്കിലും മത്സരത്തിനിടയില്‍ എന്ത് ഉപദേശം വേണമെങ്കിലും ധോണിയെ ഏതുസമയത്തും ആര്‍ക്കും സമീപിക്കാം. അതുകൊണ്ടുതന്നെ ധോണിയാണ് ഇപ്പോഴും ടീമിന്റെ നായകനെന്ന് ചാഹല്‍ പറയുന്നു!.

കോഹ്ലി പലപ്പോഴും മിഡ് ഓണിലോ മിഡ് ഓഫിലോ ആയിരിക്കും ഫീല്‍ഡ് ചെയ്യുക. ഇക്കാരണം കൊണ്ടുതന്നെ എപ്പോഴും ഉപദേശത്തിനായി അദ്ദേഹത്തെ സമീപിക്കാനോ അദ്ദേഹത്തിന് ഓടിയെത്താനോ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണിയാണ് ശരിക്കും നായകനാവുന്നതെന്നും താരം പറഞ്ഞു.

മത്സരത്തിനിടയില്‍ കോഹ്ലി അടുത്തേക്ക് വരാന്‍ തുടങ്ങുകയാണെങ്കില്‍ പോലും ആ സമയം ധോണി കോഹ്ലിയോട് ഫീല്‍ഡ് ചെയ്യുന്ന സ്ഥലത്ത് തന്നെ തുടര്‍ന്നുകൊള്ളാന്‍ സിഗ്‌നല്‍ നല്‍കാറുണ്ടെന്നും ചാഹല്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ബൗളര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ഡി.ആര്‍.എസ് തീരുമാനമെടുക്കുന്നതിലും ധോണിയുടെ പലപ്പോഴും പങ്ക് നിര്‍ണായാകമാകാറുണ്ട്. ഇപ്പോഴും ഒരു ക്യാപ്റ്റന്റെ റോളാണ് ധോണിക്ക് ടീമിലുള്ളതെന്ന് ചാഹല്‍ പറയുന്നു.