ചാര്‍ജ് ചെയ്യവേ ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചു;ഉപയോക്താവ് മനഃപൂര്‍വ്വം നശിപ്പിച്ചതാണെന്ന് കമ്പനി
ടെലികോം രംഗത്ത് തരംഗം തീര്‍ത്ത് മുന്നേറുന്ന ജിയോയുടെ 4g ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളിലാണ് തകര്‍ന്ന ഫോണിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കശ്മീരിലാണ് സംഭവം.ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് വിവരം. ഫോണിന്റെ പിന്‍ഭാഗമാണ് കത്തിയിരിക്കുന്നത്. മുന്‍ഭാഗത്തിന് കാര്യമായ പ്രശ്‌നങ്ങളില്ല. ബാറ്ററിയുടെ പ്രശ്‌നമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് ആരോപിക്കുന്നത്.
എന്നാല്‍ ഉപയോക്താവ് മനഃപൂര്‍വ്വം കരുതിക്കൂട്ടി ഫോണ്‍ നശിപ്പിച്ചതാണെന്നാണ് കമ്പനിയുടെ വാദം. സംഭവം അന്വേഷിക്കാന്‍ ഉത്തവിട്ടിട്ടുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു. തകര്‍ന്ന ഫോണിന്റെ ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ട്വിറ്ററിലാണ്. എന്നാല്‍ ആ ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്തു. ജിയോ ഫോണ്‍ ബുക്കിങ് 60 ലക്ഷം കടന്ന് റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാം റൗണ്ട് ബുക്കിങ് തുടങ്ങുന്നതിനിടെയാണ് പൊട്ടിത്തെറി ആരോപണം വന്നിരിക്കുന്നത്.