ജിഷ്ണു കേസ്: അന്വേഷണം പൂര്‍ത്തിയാകാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി. കേസ് അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേസിലെ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ്പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ചോദിച്ചത്.
കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് സി.ബി.ഐ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, സി.ബി.ഐ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ പ്രതി കൃഷ്ണദാസ് കോടതിയില്‍ എത്തി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ അപേക്ഷ അടുത്തയാഴ്ച പരിഗണിക്കും. കേരളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കൃഷ്ണദാസിനെ സുപ്രിം കോടതി നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ അസുഖബാധിതയായ അമ്മയെ കാണുന്നതിന് സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണദാസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതി സി.ബി.ഐയോട് വിശദീകരണം തേടുകയും ഇതിനായി നാലാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് മാസമായിട്ടും ഇക്കാര്യത്തില്‍ സി.ബി.ഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.