ഇനി നമുക്ക് കഥകളി ആസ്വദിക്കാം… കഥയറിഞ്ഞ് ആട്ടം കാണാം
ഈ വരുന്ന നവംബറില്‍ 11 -ന് ലണ്ടനിലുള്ള ബാര്‍ക്കിങ്ങില്‍ കലയുടെ നവാനുഭൂതികള്‍ ആസ്വാദകര്‍ക്ക് മുന്നില്‍ വാരിവിതറികൊണ്ട് ‘മലയാളി അസോസ്സിയേഷന് ഓഫ് ദി യു .കെ’, ‘ചേതന കഥകളി കമ്പനി’യുമായി ചേര്‍ന്ന് കാഴ്ച്ചവെക്കുന്ന കലാവിരുന്നാണ്, നാട്ടില്‍ നിന്നും വന്നെത്തിയ പ്രശസ്തരായ ഒമ്പത് കഥകളി കലാകാരന്മാരടക്കം , ‘റിപ്പിള് സെന്റര്‍’ രംഗമണ്ഡപത്തിന്‍ അരങ്ങില്‍ നവരസങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന ഇരയിമ്മന്‍ തമ്പി രചിച്ച ആട്ടക്കഥയായ ‘ദക്ഷയാഗം’ എന്ന കഥകളി …!
പുരാതനകാലത്ത് നമ്മുടെ നാട്ടിലെ നല്ല കഴിവുള്ള കലാകാന്മാരുടെ മനോധര്‍മ്മത്തില്‍ വിരിഞ്ഞ അതിമനോഹര ഉടയാടകളും, വര്‍ണ്ണക്കോപ്പുകളും അണിഞ്ഞ്, നടന വിസ്മയങ്ങളാല്‍ നവരസങ്ങള്‍ ശരീര ചലനങ്ങളില്‍ ആവിര്‍ഭവിപ്പിച്ച്, ചിട്ടപ്പെടുത്തിയ ചുവടുവെപ്പുകളിലൂടെ അനേകം കൈമുദ്രകളിലൂടെ ,നിരവധി രൂപഭാവങ്ങളിലൂടെ അലങ്കാര സമൃദ്ധമായ, സാഹിത്യ സമ്പുഷ്ടമായ-പല കാവ്യ വല്ലഭരാലും രചിക്കപ്പെട്ട ആട്ടക്കഥകള്‍; ശ്ലോകങ്ങളായും, മറ്റും – താളവും, മേളവും, വെളിച്ചവും സമന്വയിപ്പിച്ച് ചൊല്ലിയാടി കളിക്കുന്ന ഒരു ശ്രേഷ്ഠമായ സമ്പൂര്‍ണ്ണ കലാരൂപം തന്നെയാണ് അനേകം കലാകാരന്മാര് ചേര്‍ന്നവതരിപ്പിക്കുന്ന കഥകളി …
ചെറു പ്രായം മുതല്‍ തന്നെ കഠിനമായ പരിശീലന കളരികളും, അഭ്യാസങ്ങളും നേടിയെടുത്താണ് ഓരോ കഥകളി കലാകാരനും നല്ല മെയ്വഴക്കവും, അഭിനയത്തികവുമൊക്കെയായി അരങ്ങത്ത് വന്ന് കലാവിസ്മയങ്ങള് തീര്‍ത്ത് കാണികളുടെ കണ്ണും, കാതും, മനവുമൊക്കെ നിറയ്ക്കുന്നത്…!
പക്ഷെ പണ്ട് കാലത്ത് മേലാളരും, തമ്പുരാക്കന്മാരുമൊക്കെ പരിപാലിച്ചാസ്വദിച്ച്, സംരക്ഷിച്ച് കാത്തുസൂക്ഷിച്ച നമ്മുടെ വളരെ ശ്രേഷ്ഠമായ കഥകളി സ്വരൂപങ്ങള്‍, ഇന്ന് സാധാരണക്കാരനിലേക്ക് ഇറങ്ങിവന്നപ്പോള്‍ ഈ കലാരൂപത്തിനും, കലാകാരന്മാര്ക്കും അപചയം വന്നുതുടങ്ങി…
കേരളപ്പിറവിക്കും മറ്റും സന്ദേശങ്ങള്‍ കൈമാറുമ്പോഴും, ഘോഷയാത്രകളില്‍ കേരളത്തിന്റെ പ്രതീകം ഉയര്‍ത്തിപ്പിടിക്കുവാനും, ഓണാഘോഷചടങ്ങുകളില്‍ മാവേലിയോടൊപ്പം വേഷം കെട്ടി നിറുത്താനുമൊക്കെയുള്ള വെറും കോലങ്ങളും, ‘ഐക്കണു’കളുമൊക്കെയായി അധപ്പതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കഥകളി കലാകാരന്മാരും, ക്യാരിക്കേച്ചറുകളും … !
കഥകളി ശരിക്കും ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് ….അതും കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന ഒരു ലോകോത്തമ കലാരൂപം…! കഥകളിയുടെ ഈറ്റില്ലമായ കേരളത്തിലേതടക്കം, ഒട്ടുമിക്ക പ്രവാസി മലയാളികളും ഇന്നൊക്കെ കഥകളി ആസ്വദിക്കുവാന്‍ മിനക്കെടുന്നില്ല …!
കൈമുദ്രകള്‍ മനസ്സിലാക്കേണ്ടാത്ത; രാഗ നിശ്ചയം വേണ്ടാത്ത; പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേക രീതിയിലുള്ള ഹൃദയ സംസ്കാരമോ ആവശ്യമില്ലാത്ത അപ്പപ്പോള്‍ വിനോദം പ്രധാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ തട്ടകങ്ങളും, സിനിമാക്കാരും, കോമഡിക്കാരും, സിനിമാപ്പാട്ടുകാരും, സമൂഹത്തിലെ നിറം കെട്ട മത/രാഷ്ട്രീയക്കാരുമൊക്കെയാണ് ഇന്നുള്ള ഭൂരിഭാഗം ആളുകളുടെയും ആരാധ്യര്‍…
സിനിമാ താരങ്ങളെയും ,മറ്റു മത രാഷ്ട്രീയ മേലാളന്മാരെയുമൊക്കെ തികഞ്ഞ അനുഭാവ പക്ഷത്തോടെ കൊണ്ടുനടക്കുന്ന മലയാളികള്‍, കഥകളി പോലുള്ള സാംസ്കാരിക തനിമയുള്ള കലാരൂപങ്ങളെ കോട്ടം കൂടാതെ കൊണ്ട് നടക്കുന്ന കലാസ്നേഹികളെയും പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണിപ്പോള്‍ … !
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി യു.കെയില്‍ അങ്ങോളമിങ്ങോളം കഥകളിയുടെ നാനാതരം രംഗാവതരണ പര്യടനങ്ങള്‍, നാട്ടില്‍ നിന്നുള്ള പ്രശസ്ത കഥകളി കലാകാരന്മാരെ കൊണ്ടുവന്ന് സംഘടിപ്പിക്കാറുള്ള ചേതന കഥകളി കമ്പനി ഇക്കൊല്ലം 2017 -ല്‍ നടത്തുന്ന കഥകളി ടൂറില്‍ അവതരിപ്പിക്കുന്നത് ഇരയിമ്മന്‍ തമ്പി രചിച്ച ‘ ദക്ഷയാഗം’ ആട്ടക്കഥയാണ് …
അന്നും ഇന്നും പറയുന്ന ഒരു പഴമൊഴിയാണല്ലൊ ‘കഥയറിയാതെ ആട്ടം കാണരുത്’എന്നത്. ഇന്നും മലയാളത്തിന്റെ സാംസ്കാരിക തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ, രംഗമണ്ഡപങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന, ആഗോളതലത്തിലുള്ള ഏതൊരു ക്ളാസിക് കലകളേക്കാളും മികച്ചുനില്‍ക്കുന്ന നമ്മുടെ കഥകളി അരങ്ങുകളില്‍ നിന്നും ഉടലെടുത്തതാണ് ഈ പഴഞ്ചൊല്ല്…!
യു.കെ- യിലുള്ള കലാചേതന അവരുടെ പര്യടനത്തിന്റെ ഭാഗമായി ‘ദക്ഷയാഗ’വുമായി നവംബര്‍ 11നു നമ്മെ തേടി വരുന്നു. അതു പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ നമുക്കു ശ്രമിച്ചു തുടങ്ങാം. കഥകളിയെ അറിയാന്‍ ശ്രമിക്കാം. അന്നേ ദിവസം ബാര്‍ക്കിങ്ങിലെ റിപ്പിള് സെന്ററിലേക്ക് വരൂ… നമ്മുക്ക് ഏവര്‍ക്കും കഥകളി കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാം …
ഇനി കഥയറിഞ്ഞ് ആട്ടം കാണാം
പ്രിയന് പ്രിയവ്രതന് താഴെ എഴുതിയിട്ട ദക്ഷയാഗത്തിന്റെ പൂര്‍ണ്ണ അവതരണ കഥ കൂടി വായിച്ചതിന് ശേഷം, നമുക്കേവര്‍ക്കും ഇത്തവണ കഥയറിഞ്ഞ് ആട്ടം കാണാം, കാണണം …
പൂര്‍ണമായി മനസ്സിലാക്കാന്‍ ഒരുപക്ഷെ അല്‍പ്പം മിനക്കേടുണ്ടെങ്കിലും, ജീവിതത്തില്‍ ഒരിക്കലെങ്കിലും അതു നേരിട്ടു അനുഭവിക്കുക. മരിക്കും മുന്‍പ് ചെയ്തിരിക്കേണ്ട 50 കാര്യങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും വെള്ളക്കാരന് കഥകളി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അതൊന്നു കാണുകയൊള്ളു എന്ന വാശി നമുക്കു കളയാം…
അഞ്ചു വേഷക്കാര്‍ അരങ്ങിലും രണ്ടു പാട്ടുകാരും, ചെണ്ടയും മദ്ദളവും അടങ്ങുന്ന സമ്പൂര്‍ണ്ണമായ ഒരു സംഘമാണ് ദക്ഷയാഗം അവതരിപ്പിക്കുന്നത്… സാധാരണ ഒന്നോ രണ്ടോ പേര് രംഗത്തും പിറകില്‍ ‘സി.ഡി’യില്‍ പാട്ടുമായുള്ള ‘എക്കണോമി’ അവതരണമാണ് നമ്മളെപ്പോലുള്ള വിദേശികള്‍ക്കു ലഭിക്കുന്നത്. ചുട്ടി കുത്തുന്നതു നേരിട്ടു കാണാന്‍ അവസരമുണ്ട്. കഥയും കഥാ സന്ദര്‍ഭങ്ങളും കാഴ്ചക്കാരോട് വിശദീകരിച്ച ശേഷമാണ് അവതരണം. ഈ അപൂര്‍വ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക.
അവതരണത്തിന്റെ ഘട്ടങ്ങള്‍
കേളികൊട്ട് –
ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള മേളം.
ഇതു സന്ധ്യയോടെ നടത്തുന്നു. കഥകളി ഉണ്ടായിരിക്കും എന്നുള്ളതിനുള്ള അറിയിപ്പാണ് ഇത്.
ഇരുട്ടുമ്പോള്‍ വിളക്കു വയ്ക്കുന്നു.
അതിനുശേഷം മേളക്കൈ – മദ്ദളവും, ഇലത്താളവും, ചേങ്ങലയും ഉപയോഗിച്ചുള്ള മേളം. അതിനുശേഷം മദ്ദളത്തിനു മുന്‍പായി തിരശീല പിടിക്കുന്നു.
തോടയം –
പ്രായേണ തുടക്കാക്കാരായ കളിക്കാര്‍ ഈശ്വര
പ്രാര്‍ഥനാ പരമായ ഗാനങ്ങള്‍ക്ക് അനുസരിച്ചു അമര്‍ന്നാടുന്നു.
പാട്ടുകാര്‍ വന്ദന ശ്ലോകം ചൊല്ലുന്നു.
പുറപ്പാട്-
പ്രധാനമായ കഥാപാത്രം മറ്റു ചില വേഷങ്ങളോടൊപ്പം
ശംഖധ്വനി, ആലവട്ടം, മേലാപ്പ് എന്നിവയോടുകൂടി രംഗ പ്രവേശം ചെയ്യുന്നു.
ഭാഗവതര്‍ പുറപ്പാടു ശ്ലോകം ചൊല്ലുന്നു.
ചെണ്ട, മദ്ദളം, ചേങ്ങല, ഇലത്താളം ഇവ ചേര്‍ന്നുള്ള മേളം ആരംഭിക്കുന്നു.
മേളപ്പദം അഥവാ മഞ്ജുതര –
ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ ‘ മഞ്ജുതര കുഞ്ജ തല…’ എന്നു തുടങ്ങുന്ന പദം ചൊല്ലുന്നു. അരങ്ങില്‍ മേളക്കാര് മാത്രം. തിരശീല ഉണ്ടായിരിക്കില്ല. മേളക്കാര് തങ്ങളുടെ സാമര്‍ഥ്യം പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
ഇനി കഥ ആരംഭിക്കുകയായി.
ദക്ഷയാഗം കഥ
ഇരയിമ്മന്‍ തമ്പിയുടെ ദക്ഷയാഗം കഥ ഇപ്രകാരമാണ്…
ബ്രഹ്മപുത്രനായ ദക്ഷന് നദിയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ കിട്ടുന്നു. ആകുഞ്ഞിനെ സതി എന്നു പേരിട്ടു വളര്‍ത്തുന്നു. സതി ശിവനെ വരിക്കുന്നു. വിവാഹ കര്‍മ്മത്തിനു ശേഷം ഔപചാരികമായി യാത്ര പറയുക പോലും ചെയ്യാതെ ശിവന് പോകുന്നു. ഇത് ദക്ഷനില്‍ നീരസത്തിനു കാരണമായി തീരുന്നു.
ശിവ സതിമാര് കൈലാസത്തില്‍ പാര്‍ക്കുന്നു. ദക്ഷന് ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്താന്‍ തീരുമാനിക്കുന്നു. ശിവന്റെ താല്പര്യത്തിനു വിരുദ്ധമായി സതി യാഗത്തിനു പോകുന്നു. യാഗശാലയില്‍ വച്ച് സതിയെ ദക്ഷന് ആക്ഷേപിച്ചു മടക്കുന്നു. മടങ്ങി ശിവ സന്നിധിയില്‍ എത്തിയ സതി പരാതി പറയുന്നു. പ്രതികാരം ചെയ്യാം എന്നു പറഞ്ഞു ശിവന് സതിയെ സാന്ത്വനപ്പെടുത്തുന്നു. സതി ഭദ്രകാളിയെ സൃഷ്ഠിക്കുന്നു.
ശിവന് തന്റെ സൈന്യാധിപനായ വീരഭദ്രനോട് ദക്ഷന്റെ യാഗം നശിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. യാഗശാല ഭദ്രകാളിയും , വീരഭദ്രനും കൂടി നശിപ്പിക്കുന്നു. ദക്ഷന്റെ ശിരച്ഛേദം ചെയ്യുന്നു.
ഇതില്‍ സതി ദുഃഖിതയാകുന്നു. കഴുത്തിന് മുകളില്‍ ആടിന്റെ ശിരസ്സ് വച്ചുകൊണ്ടു ശിവന് ദക്ഷനെ പുനര്‍ ജനിപ്പിക്കുന്നു.
അനന്തരം സതി അഗ്നിപ്രവേശം ചെയ്യുന്നു.
സതിയോടുള്ള അഗാധ പ്രണയം നിമിത്തം, ശിവന് സതിയ്ക്ക് പാര്‍വ്വതിയായി പുനര്‍ജ്ജന്മം നല്കുന്നു.
പാര്‍വതി ശിവന്റെ ഭാര്യ ആയിത്തീരുന്നു…ഭാഗവതത്തിലും മഹാഭാരതത്തിലും പ്രദിപാതിച്ചിട്ടുള്ള ദക്ഷയാഗം
മൂല കഥിയില്‍ തന്നെ അന്തരങ്ങള്‍ ഉണ്ട്. ഇരയിമ്മന്‍ തമ്പി തന്റെ ദക്ഷയാഗം ആട്ടക്കഥയില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് ഭാഗവതത്തില്‍ ദക്ഷന് പ്രസൂതിയില്‍ ജനിച്ച പതിനാറാമത്തെ കുട്ടിയാണ് സതി. മഹാഭാരതത്തില്‍ പാര്‍വതി ശിവനോട് ചോദിക്കുന്നു ‘എന്താണ് അങ്ങയെ ക്ഷണിക്കാതെ ദക്ഷന് യാഗം നടത്തുന്നത്?’ പാര്‍വതിയുടെ വാക്കുകള്‍ കേട്ടു ശിവന് കോപാകുലനാകുകയും യാഗം അലങ്കോലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ അനേകം വ്യതിയാനങ്ങള്‍ കണ്ടെത്താവുന്നതാണ്. [ഭാഗവതവും ഭാരതവും വ്യാസ വിരചിതമായി പരക്കെ അറിയപ്പെടുന്നു എന്നത് മറ്റൊരു തര്‍ക്ക വിഷയമാണ്]
സീനുകള്‍
സീന്‍: 1
കുളിക്കാനായി നദിയില്‍ പോയപ്പോള്‍ ഒരു സുന്ദരിയായ പെണ് കുഞ്ഞിനെ കിട്ടിയതും, അവളെ സതി എന്നു പേരിട്ടു വളര്‍ത്തി വലുതാക്കിയതും സതിയുടെ വിവാഹത്തിനു തൊട്ടു മുന്‍പുള്ള വേളയില്‍ രാജാവായ ദക്ഷനും , പത്നിയും ഓര്‍ക്കുന്നു.
സീന്‍: 2
ശിവ സതിമാരുടെ വിവാഹം. ശിവനും സതിയും ദക്ഷനോട് യാത്ര ചോദിക്കാതെ വേദിയില്‍ നിന്നും പുറപ്പെടുന്നു. ദക്ഷന് കോപിക്കുന്നു. ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്തി പ്രതികാരം വീട്ടാന്‍ ദക്ഷന് തീരുമാനിക്കുന്നു.
സീന്‍: 3
ശിവന് ദേവന്മാരുടെ ദേവനാണെന്നും സൂക്ഷിക്കണമെന്നും ഇന്ദ്രന് ദക്ഷനു മുന്നറിയിപ്പു കൊടുക്കുന്നു. അതു പരിഗണിക്കാതെ ദക്ഷന് യാഗത്തിനുള്ള ഒരുക്കങ്ങള്‍ തുടരുന്നു.
സീന്‍: 4
പിതാവു നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ സതി ശിവനോടു അനുമതി തേടുന്നു. ആക്ഷേപിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യുമെന്നു ശിവന് സതിക്കു മുന്നറിയിപ്പു നല്കുന്നു. തന്റെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരമാണിത് എന്നും അതുകൊണ്ടു തനിക്കു പോകണം എന്നും സതി പറയുന്നു. അനന്തരം ശിവന് അനുവദിക്കുന്നു. സതി യാഗത്തിനു പോകുന്നു.
സീന്‍: 5
സതി എത്തിച്ചേരുമ്പോള്‍ ദക്ഷന് പൂജ ചെയ്യുകയാണ്. കോപിഷ്ടനായ ദക്ഷന് സതിയെ ഭല്‍സിക്കുകയും താന്‍ അവളുടെ പിതാവല്ല എന്നും യാഗ വേദിയില്‍ നിന്നും പുറത്തുപോകണമെന്നും ആവശ്യപ്പെടുന്നു.
സീന്‍: 6
തിരികെ എത്തിയ സതി തനിക്കുണ്ടായ അപമാനം ശിവനോട് വിവരിക്കുന്നു. ശിവന് സതിയെ സാന്ത്വനപ്പെടുത്തുന്നു. പ്രതികാരം ചെയ്യുമെന്നു പറയുന്നു. സതി തന്റെ കോപത്തില്‍ നിന്നും സൃഷ്ട്ടിച്ച ഭദ്രകാളിയോടൊപ്പം, ശിവന് തന്റെ സൈന്യാധിപനായ വീരഭദ്രനെ യാഗം തകര്‍ക്കുവാനും, ദക്ഷനെ കൊല്ലുവാനും ചുമതലപ്പെടുത്തി പറഞ്ഞയക്കുന്നു.
സീന്‍: 7
വീരഭദ്രനും, ഭദ്രകാളിയും പ്രവേശിക്കുമ്പോള്‍ ദക്ഷന് യാഗം തുടരുന്നു. ശിവനോടുള്ള ആദരം കാട്ടാന്‍ അവര്‍ ദക്ഷനോട് ആവശ്യപ്പെടുന്നു. നിരസിച്ച ദക്ഷന്റെ ശിരച്ഛേദം വീരഭദ്രന് ചെയ്യുന്നു.
സീന്‍: 8
ദയ തോന്നിയ ശിവന് ദക്ഷനു ജീവന് തിരികെ നല്‍കാമെന്ന് സതിക്ക് ഉറപ്പുനല്‍കുന്നു. അനന്തരം ആടിന്റെ ശിരസ്സ് വച്ചു ദക്ഷനെ പുനര്‍ജനിപ്പിക്കുന്നു. ദക്ഷന് ശിവനോടു മാപ്പപേക്ഷിക്കുന്നു. പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. ശിവന് ദക്ഷനെ അനുഗ്രഹിക്കുന്നു.
കഥകളി വേഷങ്ങള്‍
പച്ച:
മുഖത്ത് പച്ച നിറം മുന്നിട്ടു നില്ക്കുന്നു. സാത്വിക കഥാപാത്രങ്ങളെയും സാത്വിക-രാജസ മിശ്രിത കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
ഉദാഹരണം: കൃഷ്ണന്, രാജാക്കന്മാര്.
കത്തി:
മുഖത്ത് അടിസ്ഥാന നിറം പച്ചയാണെങ്കിലും മുകളിലേക്ക് പിരിച്ചു വച്ച മീശ പോലെ ചുവന്ന നിറത്തിലുള്ള അടയാളം ഉണ്ടായിരിക്കും. മൂക്കിന്റെ തുമ്പിലും, നെറ്റിയുടെ മധ്യത്തിലും വെളുത്ത ഗോളങ്ങള്‍ ഉണ്ടായിരിക്കും. ശൗര്യമുള്ള ദുഷ്ട കഥാപാത്രങ്ങളെ അവതരിക്കിപ്പന്‍ ഉപയോഗിക്കുന്നു.
ഉദാഹരണം: രാവണന്.
താടി :
മുഖത്ത് താടി ഉണ്ടായിരിക്കും. ചുവന്ന താടി, വെള്ളത്താടി, കറുത്ത താടി എന്നീ വകഭേദങ്ങള്‍. ചുവന്ന നിറം താഴെയും, കറുപ്പ് നിറം മേല്‍ ഭാഗത്തുമായി മുഖം അലങ്കരിക്കുന്നത് ചുവന്ന താടി.
ഉദാഹരണം: ബാലി.
വെള്ളത്താടി കുറച്ചുകൂടി സാത്വിക കഥാപാത്രമായിരിക്കും.
ഉദാഹരണം: ഹനുമാന്.
കറുത്ത താടി : വേട്ടക്കാര്‍, വനവാസികള്‍ തുടങ്ങിയവര്‍ക്കായി ഉപയോഗിക്കുന്നു.
കരി:
മുഖത്ത് അടിസ്ഥാന നിറം കറുപ്പ്. വെള്ളയും ചുവപ്പും നിറത്തില്‍ അടയാളങ്ങള്‍ ഉണ്ടായിരിക്കും. നീച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ആണ്‍കരിയും പെണ്‍കരിയും ഉണ്ട്.
ഉദാഹരണം: ശൂര്‍പ്പണഖ.
മിനുക്ക്:
മുഖത്ത് മഞ്ഞ നിറം. സ്ത്രീ കഥാപാത്രങ്ങള്‍ക്കും മുനിമാര്‍ക്കും ഉപയോഗിക്കുന്നു.
ഉദാഹരണം: ദമയന്തി, നാരദന്.
ഇവയില്‍ ഉള്‍പ്പെടാത്ത പതിനെട്ടോളം പ്രത്യേക വേഷങ്ങളും ഉണ്ട്.
ഉദാഹരണം: ഹംസം, ജടായു , മുതലായവ
അരങ്ങിലും അണിയറയിലും
ദക്ഷന് : കലാമണ്ഡലം ബാലസുബ്രഹ്മണ്യന്
സതി : കലാമണ്ഡലം വിജയകുമാര്‍
ശിവന് : കലാമണ്ഡലം കുട്ടികൃഷ്ണന്
വീരഭന്ദ്രന്‍ : കലാമണ്ഡലം സോമന്
ഭദ്രകാളി : കോട്ടയ്ക്കല്‍ ദേവദാസന്
പാട്ടുകാര്‍ : കലാമണ്ഡലം മോഹനകൃഷ്ണന്
പാട്ടുകാര്‍ : കലാമണ്ഡലം രാജേന്ദ്രന്
ചെണ്ട : സദനം രാമകൃഷ്ണന്
മദ്ദളം : കലാമണ്ഡലം രാജനാരായണന്‍
ചുട്ടി : കലാമണ്ഡലം ബാര്‍ബറ വിജയകുമാര്‍
വസ്ത്രം : കലാചേതന
സാങ്കേതികം : ടോം ബ്ലാക്മോര്