മാനസിക പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; പ്രതികളായ അധ്യാപികമാര്‍ ഒളിവിലെന്ന് പോലീസ്

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്.

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. കുട്ടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം.

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും ആന്തരികാവയങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നില നിര്‍ത്തിയിരുന്നത്.

അധ്യാപികമാരുടെ കടുത്ത മാനസിക പീഡനത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പിതാവ് കഴിഞ്ഞ ദിവസം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിന്ധു, ക്ലസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും കൊല്ലം വെസ്റ്റ് പൊലീസ് മൊഴി രേഖപ്പെടുത്തി.

സ്‌കൂളിനെതിരെയും കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിക്കെതിരെയും വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്. ആദ്യമെത്തിച്ച ആശുപത്രിയില്‍ നാലു മണിക്കൂറോളം കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുട്ടി പഠിച്ച സ്‌കൂളും ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണെന്നും അതാണ് അവഗണനയ്ക്ക് കാരണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ നട്ടെല്ലടക്കം പൊട്ടുകയും ആന്തരികാവയവങ്ങള്‍ തകര്‍ന്ന് ബ്ലീഡിങ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ വേണ്ടത്ര ചികിത്സ നല്‍കിയില്ലെന്നും വെറുതെ ഐ.സിയുവില്‍ കിടത്തിയിരിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ മരണം ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊല്ലത്തു നിന്നുള്ള പൊലീസ് സംഘം തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള കാര്യങ്ങള്‍ നടക്കുകയുള്ളു.

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപികമാര്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടു വരും.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ള യുവജന സംഘടനകള്‍ സ്‌കൂളിലേക്കും ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.