തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ അത് കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി നിരീക്ഷിച്ചു.
രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കു രാജ്യസ്‌നേഹമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. തിയറ്ററുകളില്‍ പോകുന്നത് വിനോദത്തിനായാണ്. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കാതിരിക്കാനാണ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ സദാചാര പൊലീസ് ചമയാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സിനിമാ തിയേറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിനും മുമ്പും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും ഒരു വര്‍ഷം മുമ്പാണ് സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയത്. ഈ ഉത്തരവിന്മേലുള്ള ഹര്‍ജികള്‍ അന്തിമ വാദത്തിനായി പരിഗണിക്കവേ സുപ്രീം കോടതി തന്നെ രംഗത്ത് വന്നത്.