പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
പുണെ: പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. കുഞ്ഞിന്റെ വീടിന് സമീപം ഏതാനും മീറ്ററുകള്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്നാണു പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മരണപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ഫാക്ടറിയിലെ ദിവസക്കൂലി ജോലിക്കാരാണ്. ജോലിയുടെ സൗകര്യാര്‍ത്ഥം മാസങ്ങള്‍ക്കു മുന്‍പാണു ഇവര്‍ ലാത്തൂരില്‍നിന്നു ധയാരിയിലേക്കു താമസം മാറിയത്. പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.
പൊലീസ് പറയുന്നത്: പാക്കേജിങ് ഫാക്ടറിയിലെ ദിവസക്കൂലി ജോലിക്കാരാണു മാതാപിതാക്കള്‍. ഈ മാസം 21ന് രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണു പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പതിനൊന്നരയ്ക്കാണു കുഞ്ഞിനെ കാണാതായതായി മാതാപിതാക്കള്‍ അറിയുന്നത്. ഉടനെ പൊലീസിനെ സമീപിച്ചു. പ്രാഥമിക പരിശോധനയില്‍ കുഞ്ഞിനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് പിറ്റേന്നു രാവിലെ നടത്തിയ തിരച്ചിലിലാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും തോളിലും മുറിവുകളുണ്ടായിരുന്നു. കുട്ടിയുടെ കുടുംബം താത്കാലികമായി താമസിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്. കുടുംബത്തെ നന്നായി അറിയാവുന്നവരാണു കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.