സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സി: ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച സംഭവത്തില്‍ നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ്, സുരക്ഷക്കായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് ദിലീപ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തി അറിയിച്ച പൊലീസ്, സുരക്ഷാ ഏജന്‍സിക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും വ്യക്തമാക്കി.

ആയുധങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും,തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നാണ് ജീവന് ഭീഷണിയുള്ളതെന്നും, എന്നാല്‍, സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. ഏജന്‍സിയുമായി കൂടിയാലോചനകള്‍ മാത്രമാണു നടന്നതെന്നും നടന്‍ വിശദീകരിച്ചു.

ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

ഏജന്‍സിയുടെ തൃശൂരിലെ ഓഫിസില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ദിലീപ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമില്ലെന്നാണു നിയമ വിദഗ്ധരുടെ അഭിപ്രായം.