നേരംപുലരുമ്പോള്‍ വീടുകളില്‍ ചോരക്കളം നാട്ടുകാര്‍ ഭീതിയില്‍

സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വയനാട് നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് പ്രദേശതാണ് സംഭവം അരങ്ങേറുന്നത്. പുലര്‍ച്ചെ പുറത്തിറങ്ങുന്ന വീട്ടുകാര്‍ കാണുന്നത് മുറ്റത്തും നടവഴിയിലുമൊക്കെ കെട്ടികിടക്കുന്ന ചോരക്കളമാണ്. കഴിഞ്ഞ ആഴ്ച്ച ചിറ്റാലൂര്‍ക്കുന്നിലെ ഒരു വീടിന്റെ തിണ്ണയിലും, മുറ്റത്തും, തൊഴുത്തിലും രക്ത തുള്ളികള്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് സമാന സംഭവം പിന്നെയും അരങ്ങേറിയത്.

ഇന്നലെ ആള്‍പാര്‍പ്പില്ലാത്ത മറ്റൊരു വീട്ടിലും രക്തം തളം കെട്ടിയ നിലയില്‍ കണ്ടെത്തി. ഈ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മനുഷ്യ രക്തമോ, മൃഗങ്ങളുടെ രക്തമാണോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. ഭിത്തിയിലും, തിണ്ണയിലും, വലിയ തോതിലാണ് രക്തം കണ്ടെത്തിയിരിക്കുന്നത് കണ്ടെത്തിയ രക്തം രാസ പരിശോധനയ്ക്ക് അയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന രീതിയില്‍ ചില സംഘങ്ങള്‍ രാത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ലഹരിമരുന്ന് വില്‍പനക്കാരുടെ തന്ത്രങ്ങള്‍ ആവാം എന്ന സംശയവും ജനങ്ങള്‍ക്കുണ്ട്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.