മോദിജി നിങ്ങളുടെ ലക്ഷ്യം അതാണെന്ന് അറിയാം; അത് നടക്കില്ലെന്ന് മന്ത്രി തോമസ് ഐസക്
വികസന പ്രവര്‍ത്തനങ്ങള്‍ക് എതിരുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി ധന മന്ത്രി തോമസ് ഐസക്. ഇത്തരം വികസനങ്ങള്‍ക്ക് ജനങ്ങള്‍ എതിരാണെന്ന സംശയമൊന്നും വേണ്ട ജനങ്ങള്‍ എതിരുത്തന്നെയാണ് എന്നും മന്ത്രി തോമസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
കേന്ദ്ര വിഹിതം നിങ്ങളുടെ ഔദ്യാരമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയെടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അത് തരാതിരിക്കണമെങ്കില്‍ ഭരണഘടന തിരുത്തിയെഴുതണം. നിങ്ങളുടെ ലക്ഷ്യം അതാണെന്ന് അറിയാമെങ്കിലും അത് നടക്കില്ലെന്ന് മന്ത്രി ഫെയ്സ്ബുക്കിലെഴുതി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹുമാന്യനായ മോദിജീ,
സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങള്‍ എതിരാണ്. എന്നുവെച്ച് ഞങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കില്‍ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ നടക്കില്ല.
ഏതാണ് നിങ്ങളുടെ വികസനമാതൃക? സാമ്പത്തികവളര്‍ച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഞങ്ങള്‍ക്കിതു രണ്ടും സ്വീകാര്യമല്ല. നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമസൌകര്യങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടത്.
ജനക്ഷേമപദ്ധതികള്‍ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളര്‍ച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിനും ഇന്നു സാംഗത്യമില്ല. മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. ഈ വളര്‍ച്ച ഗുജറാത്തിനെക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇന്നു ഞങ്ങള്‍ നോക്കുന്നത്.
പക്ഷേ, പ്രിയപ്പെട്ട പ്രധാനമന്ത്രീ….
ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡല്‍ ഞങ്ങള്‍ക്കു വേണ്ടേ വേണ്ട.