സ്‌കൂളില്‍ നിന്ന് ചാടിമരിച്ച ഗൗരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി പോലീസ്; ചികില്‍സാ രേഖകള്‍ പിടിച്ചെടുത്തു
കൊല്ലം:സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്ത ഗൗരിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തില്‍ ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതര പരിക്കേറ്റ ഗൗരിയെ ആദ്യമെത്തിച്ചത് ഈ ആശുപത്രിയിലാണ്. കുട്ടിയ്ക്ക് അടിയന്തിരമായി ലഭ്യമാക്കേണ്ട ചികില്‍സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണു രേഖകള്‍ പിടിച്ചെടുത്തത്. പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ.ജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതതയിലുള്ളതാണ് ആശുപത്രി.
കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി(15), വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞ് ക്ലാസില്‍ കയറുവാനുള്ള ബെല്‍ അടിച്ചപ്പോഴാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയതെന്നു ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ അധ്യാപികമാര്‍ ഒളിവിലാണെന്നാണ് വിവരം. ജൂനിയര്‍ കുട്ടികളുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ വെള്ളിയാഴ്ച ഗൗരിയെ മാത്രം അധ്യാപകര്‍ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ശകാരിച്ചിരുന്നു. ആ മാനസിക വിഷമത്തിലായിരുന്നു കുട്ടിയെന്നും ആരോപണമുണ്ട്.