നടി നിത്യ മേനോന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിക്ക് നേരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ലൈംഗികാതിക്രമണം
പ്രശസ്ത നടി നിത്യ മേനോന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിക്ക് നേരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ലൈംഗികാതിക്രമണം. 11 വര്‍ഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡല്‍ മേക്കപ്പ് രംഗത്തും സജീവമായ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയനു എതിരെയാണ് ലൈംഗികാതിക്രമണം ഉണ്ടായത്. കുമിളിയില്‍ നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന ‘പ്രാണ’ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഒക്ടോബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഷൂട്ടിംഗ് ക്രൂവിന് താമസിക്കുവാന്‍ എടുത്ത വില്ലയിലെ ഉടമസ്ഥനും സംഘവുമാണ് അതിക്രമണത്തിന് പിന്നില്‍ എന്ന് ജൂലി ആരോപിക്കുന്നു. ലൊക്കേഷനില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ സലിം വില്ലയിലെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി ഉണ്ടായ പ്രശ്നമാണ് ഇത്തരത്തില്‍ കലാശിച്ചത്.
താന്‍ താമസിച്ചിരുന്ന സലിം വില്ലയില്‍ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തന്റെ ശക്തമായ ചെറുത്തുനില്പിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവര്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് തനിക്ക് നേരെ നടത്തിയതും എന്ന് ജൂലി പറഞ്ഞു. ഇപ്പോള്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മെര്‍സലില്‍ ഉള്‍പ്പെടെ നിത്യ മേനോന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ജൂലി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍കക്ഷിയാക്കിയാണ് ജൂലി പരാതി നല്‍കിയിരിക്കുന്നത്. സലിം വില്ലയില്‍ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നിസ്സഹായരായ സ്ത്രീകള്‍ പരാതിപ്പെടാത്തതാണെന്നും പരാതിയില്‍ ജൂലി പറഞ്ഞിട്ടുണ്ട്. അതുപോലെ സംഭവത്തിന് ശേഷം പോലീസില്‍ പരാതി നല്കാതിരിക്കാന് പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തില്‍ കയറ്റി എറണാകുളത്ത് കൊണ്ടുവിടുകയായിരുന്നെന്നും എറണാകുളത്ത് എത്തിയിട്ട് ഒരുതവണ പോലും ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറപ്രവര്‍ത്തകരോ തന്നെ വിളിച്ചിട്ടില്ലെന്ന് ജൂലി പറയുന്നു.