ഷെറിന്‍ മാത്യുവിന്‍റെ കൊലപാതകം വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

ടെക്‌സസ് : അമേരിക്കയിലെ ടെക്‌സസില്‍ ആറുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു‍. കുട്ടിയെ കാണാതായ സമയം ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അതേസമയം ഷെറിന്‍റെ മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. പാലു കുടിക്കാത്തതിന് പുറത്ത് നിര്‍ത്തിയപ്പോള്‍ ഷെറിനെ കാണാതായി എന്നായിരുന്നു വെസ്‌ലി മാത്യൂസ് നല്‍കിയ ആദ്യ മൊഴി.

സംഭവത്തില്‍ മാതാപിതാക്കളായ വെസ്ലിയേയും സിനിയേയും കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. വെസ്‌ലി മാത്യൂസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം എന്താണ് കൊലപാതക കാരണം എന്ന് വ്യക്തമായിട്ടില്ല. ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 3 മണികാണ് വീടിന് പുറകുവശത്തുള്ള വൃക്ഷ ചുവട്ടില്‍ നി്ന്നും ഷെറിന്‍ അപ്രത്യക്ഷമായത്. ഒക്ടോബര്‍ 22 ഞായറാഴ്ചയാണ് ഷെറിന്റെതാണ് എന്ന് സംശയിച്ച മൃതദേഹം റിച്ചാര്‍ഡ്‌സന്‍ പോലീസ് കണ്ടെടുത്തത്.