അമിത് ഷാക്കും മകനുമെതിരെ വീണ്ടും ‘ദ വയര്‍’; ഗുജറാത്ത് ക്രിക്കറ്റ് കൗണ്‍സിലില്‍ തുടരുന്നത് നിയമലംഘനം നടത്തിയെന്ന് ആരോപണം
അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകനുമെതിരെ വീണ്ടും ആരോപണവുമായി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ‘ദ വയര്‍’ രംഗത്ത്. അമിത് ഷായും മകനും ഗുജറാത്തില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായി തുടരുന്നത് നിയമവിരുദ്ധമാണെന്ന് ‘ദ വയര്‍’ ചൂണ്ടിക്കാട്ടുന്നു. ഇത് ലോധ കമ്മറ്റി ശിപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നാണ് ഇവരുടെ വാദം.
ലോധ കമ്മറ്റി ശിപാര്‍ശ പ്രകാരം, ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ മാത്രമേ അനുവദിക്കാവൂ. ഇതിന് ശേഷമുള്ള മൂന്ന് വര്‍ഷം ഭാരവാഹിത്വം അനുവദനീയമല്ല. ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഉള്‍പ്പെടാനും പാടില്ല എന്നാണ് ലോധ കമ്മറ്റിയുടെ ശിപാര്‍ശ.
2014 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആണ്. 2013 മുതല്‍ ജെയ് ഷാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തും തുടരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്നാല്‍ അമിത് ഷായ്ക്കും മകനും ഇപ്പോള്‍ വഹിക്കുന്ന പദവികള്‍ ഒഴിയേണ്ടി വരും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും ലോധ കമ്മറ്റി നിര്‍ദ്ദേശത്തിന് എതിരാണ്.
അതേസമയം ദ വയറിന്റെ വാര്‍ത്തയോട് പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല. അമിത് ഷായുടെ മകന്‍ ജെയ് ഷായുടെകമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസ് അവരുടെ ലാഭത്തില്‍ 16,000 ഇരട്ടി വര്‍ധനയുണ്ടായക്കിയെന്ന വാര്‍ത്ത പുറത്ത് കൊണ്ട് വന്നത് ഓണ്‍ലൈന്‍ പോര്‍ട്ടലായ വയര്‍ ആയിരുന്നു. 201415 വര്‍ഷത്തില്‍ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനം 50,000 രൂപയായിരുന്നത് 80.5 കോടി രൂപയായി വര്‍ധിച്ചുവെന്നായിരുന്നു വാര്‍ത്ത.