മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരൊയ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിയെ കണ്ടു.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ട്. നിയമലംഘനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതായി റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നതായി കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുവെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍7 പ്രകാരം കമ്പനി ചെയ്യുന്ന ലംഘനങ്ങള്‍ക്ക് ഡയറക്ടര്‍മാരെല്ലാം ഉത്തരവാദികളാണ്, അങ്ങനെ വരുമ്പോള്‍ വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ നേതൃത്വത്തില്‍ നടന്ന നിലംനികത്തലിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ തോമസ് ചാണ്ടിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആലപ്പുഴയിലെ ജില്ലാ ഭരണാധികാരികള്‍ക്കും കയ്യേറ്റ വിഷയത്തില്‍ പങ്കുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തഹസില്‍ദാര്‍, മുന്‍ കളക്ടര്‍, ജില്ലാ ഭരണാധികാരികള്‍ തുടങ്ങിയവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചമൂലമാണ് നിയമലംഘനമുണ്ടായത്. അതിനാല്‍ ഇതില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിനും സര്‍ക്കാരിനു ബാധ്യതയുണ്ട്. എന്നാല്‍ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശിക്കാം. ആവശ്യമെങ്കില്‍ നിയമോപദേശം തേടണമെന്നും റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം നിയമലംഘനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് അയച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് നോട്ടീസ് അയച്ചത്.